പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും

Update: 2024-05-14 05:59 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും. തുടര്‍ച്ചയായി മൂന്നാം തവണ പ്രധാനമന്ത്രിയാകാന്‍ മത്സരിക്കുകയാണ് മോദി. കാശിയിലെ കാല ഭൈരവ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. നാമ നിര്‍ദേശ പത്രിക ചടങ്ങില്‍ ബിജെപി, എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളിലെ ഒരു ഡസനോളം മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും.


പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി ഗംഗ തീരത്തുള്ള ദശാശ്വമേധ് ഘാട്ടില്‍ പ്രധാനമന്ത്രി പ്രാര്‍ത്ഥന നടത്തുകയും ചെയ്യും. അവിടെ നിന്ന് ബോട്ടില്‍ നമോ ഘാട്ടില്‍ എത്തും. തുടര്‍ന്നാണ് കാല ഭൈരവ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥന നടത്തുക. ഇതിന് ശേഷമാണ് കളക്ടറേറ്റില്‍ എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. ഉത്തരേന്ത്യയിലെ ഹിന്ദു മത വിശ്വാസ പ്രകാരം മംഗള കര്‍മങ്ങള്‍ക്ക് അനുയോജ്യമായ പുഷ്യ നക്ഷത്ര മുഹൂര്‍ത്തത്തില്‍ ആണ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. ഗംഗ സപ്തമി ദിനമായ ഇന്ന് നരേന്ദ്ര മോദി ഗംഗ സ്‌നാനം നടത്തുമെന്നാണ് ബിജെപി നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉത്തരാഖണ്ഡ് മുഖ്യമന്തി പുഷ്‌കര്‍ സിംഗ് ധാമി, മധ്യ പ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷണു ദേവ് സായി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ, രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ, ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്, ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ എന്നിവര്‍ മോദിയുടെ നാമ നിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.


കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ് നാഥ് സിംഗ് തുടങ്ങിയവരും നാമ നിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം വാരണാസിയിലെ രുദ്രാക്ഷ കണ്‍വന്‍ഷന്‍ സെന്ററില്‍ ബിജെപി പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുക്കും. ഇന്നലെ വാരണാസിയില്‍ കൂറ്റന്‍ റോഡ് ഷോ നടത്തിയിരുന്നു. ജൂണ്‍ ഒന്നിന് ആണ് വാരണാസിയിൽ വോട്ടെടുപ്പ് നടക്കുന്നത്.

Tags:    

Similar News