ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ വിപുലീകരിച്ച എൻഡിഎ മുന്നണി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂലൈ 18 ന് ദില്ലിയിലാണ് യോഗം ചേരുക. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ചയാകും. എൻസിപി പിളർത്തി മറുകണ്ടം ചാടിയ അജിത് പവാറും പ്രഫുൽ പട്ടേലും സംഘവും ഏക്‌നാഥ് ഷിൻഡേയുടെ സേനയ്ക്ക് ഒപ്പം യോഗത്തിൽ പങ്കെടുക്കും.
അജിത് പവാറും സംഘം എൻഡിഎയിലേക്ക് എത്തിയതിന് ശേഷം നടക്കുന്ന ആദ്യ യോഗമാണ് 18 ന് നടക്കുന്നത്. പ്രതിപക്ഷ ഐക്യയോഗം ചേരുന്ന അതേ ദിവസം തന്നെയാണ് എൻഡിഎയും യോഗം ചേരുന്നതെന്നതെന്നതും ശ്രദ്ധേയമാണ്. പ്രതിപക്ഷത്തിന്റെ ഐക്യനീക്കവും യോഗം ചർച്ച ചെയ്‌തേക്കും. 2024 ലെ ലോക്‌സഭാ ഇലക്ഷൻ ലക്ഷ്യമിട്ട് വലിയ മുന്നൊരുക്കങ്ങളാണ് എൻഡിഎ നടത്തുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യ പിടിക്കാൻ മോദിയെ തമിഴ്‌നാട്ടിൽ നിന്ന് മത്സരിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹവും ശക്തമാണ്.