ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടി: നോട്ടിസ് ‌അയച്ച് സുപ്രീം കോടതി

Update: 2024-01-17 03:44 GMT

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളിലൊരാളായ മോഹൻ നായക്കിന് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് സഹോദരി കവിതാ ലങ്കേഷ് സമർപ്പിച്ച ഹർജിയിൽ, നോട്ടിസ് അയച്ച് സുപ്രീം കോടതി. വിചാരണ അകാരണമായി നീളുകയാണെന്നും 5 വർഷത്തിലേറെയായി   തടവിലാണെന്നും ചൂണ്ടിക്കാട്ടി കേസിലെ 11–ാം പ്രതിയായ മോഹൻ നായക്ക് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഡിസംബർ 7ന് ജാമ്യം അനുവദിച്ചത്. ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് കവിത സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി മോഹൻ നായക്കിനു നോട്ടിസ് അയയ്ക്കുകയായിരുന്നു. 

മോഹൻ നായക്കിനെതിരെ ചുമത്തിയിരുന്ന, ആസൂത്രിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കക്കോക്ക (കർണാടക കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈംസ് ആക്ട്) വകുപ്പുകൾ 2021 ഏപ്രിലിൽ ഹൈക്കോടതി നീക്കിയിരുന്നു. കവിത സമർപ്പിച്ച മറ്റൊരു ഹർജിയിൽ ഈ വിധി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. 2017 സെപ്റ്റംബർ 5ന് രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നിൽ ഗൗരി വെടിയേറ്റു മരിച്ച കേസിൽ, മുഖ്യ ആസൂത്രകനായ അമോൽ കാലെ, രണ്ടാം പ്രതിയും കൊലയാളിയുമായ പരശുറാം വാഗ്‌മർ എന്നിവർ ഉൾപ്പെടെ 18 പേരാണ് പ്രതിപ്പട്ടികയിൽ.

Tags:    

Similar News