പ്ലാസ്റ്റിക് ഉത്പാദനം തുടരകയാണെങ്കില്‍ ആഗോള താപവര്‍ധനവ് 1.5 ഡി​ഗ്രി സെൽഷ്യസിനുള്ളിൽ പരിമിതപ്പെടുത്തുക സാധ്യമല്ല: എല്‍ബിഎന്‍എല്‍ പഠനം

Update: 2024-04-21 09:59 GMT

നിലവിലുള്ള അതേ തോതില്‍ പ്ലാസ്റ്റിക് ഉത്പാദനം തുടരകയാണെങ്കില്‍ ആഗോള താപവര്‍ധനവ് 1.5 ഡി​ഗ്രി സെൽഷ്യസിനുള്ളിൽ പരിമിതപ്പെടുത്തുക സാധ്യമല്ലെന്ന് പഠനം. യു.എസ്സിലെ ലോറന്‍സ് ബെര്‍ക്ക്‌ലീ നാഷണല്‍ ലബോറട്ടറിയാണ് (എല്‍ബിഎന്‍എല്‍) പഠനത്തിന് പിന്നില്‍. 2060-നുമുമ്പായി ആഗോളാതാപനം 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തുകയെന്ന ലക്ഷ്യം നേടാനാകില്ലെന്നും കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ച് ആഗോളതാപനം പിടിച്ചുനിര്‍ത്താനുള്ള ലക്ഷ്യം 2082-നുശേഷമേ നേടാനാകൂവെന്നും റിപ്പോര്‍ട്ട് പറയുന്നു.

പ്ലാസ്റ്റിക് ഉത്പാദനത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ വൈദ്യുതിക്കും ഊഷ്മാവിനും വേണ്ടി ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നു. ഇതിലൂടെ ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തിലെത്തുന്നു. അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹവാതകങ്ങള്‍ ആഗോള താപനില ഉയരുന്നതിനുള്ള പ്രധാന കാരണം കൂടിയാണ്. പ്ലാസ്റ്റിക് അതിന്റെ അവസാനരൂപത്തിലെത്തുന്നതിന് മുന്‍പാണ് ഇത്തരത്തിൽ 75 ശതമാനം പുറന്തളളലുമുണ്ടാകുന്നത്.

പാരീസ് ഉടമ്പടി പ്രകാരം ആഗോള താപവര്‍ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസിനുള്ളില്‍ പരിമിതപ്പെടുത്തണമെങ്കില്‍ 2024-ല്‍ തന്നെ ഉത്പാദനം 12 മുതല്‍ 17 ശതമാനം വരെ കുറയ്ക്കണമെന്നാണ് പഠനം നിര്‍ദേശിക്കുന്നത്. 2024-ല്‍ ആ​ഗോളതലത്തിൽ 22 കോടി ടണ്‍ (220 million) പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്, ഇതിൽ തന്നെ പരിസ്ഥിതിക്ക് വിനാശകാരിയായി ശേഷിക്കുക ഏഴ് ടണ്ണാകുമെന്ന (70 million) സൂചനയാണ് പുതിയ പഠനം നല്‍കുന്നത്.

2019-ല്‍ മാത്രം പ്ലാസ്റ്റിക് ഉത്പാദനത്തിന്റെ പ്രാരംഭഘട്ടത്തില്‍ പുറന്തള്ളപ്പെട്ടത് 2.24 ജി​ഗാടൺ ( 2.24 gigatonnes) കാര്‍ബണാണ്. ഇതാണ് ആഗോള ഹരിതഗൃഹ വാതക ബഹിര്‍ഗമനത്തിന്റെ 5.3 ശതമാനത്തിനും കാരണമായത്. പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനുളള അന്താരാഷ്ട്ര ഉടമ്പടിക്കായുള്ള നാലാംവട്ട യു.എന്‍ യോഗം കാനഡയിലെ ഒട്ടാവയില്‍ ഏപ്രില്‍ 23 ന് ആരംഭിക്കാനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

Tags:    

Similar News