പി.സി.സി അധ്യക്ഷൻ അരവിന്ദർ സിങ് ലവ്‌ലിയുടെ രാജി; ഡൽഹി കോൺഗ്രസിൽ പ്രതിസന്ധി
ഡൽഹി പി.സി.സി അധ്യക്ഷൻ അരവിന്ദർ സിങ് ലവ്‌ലിയുടെ രാജിക്ക് പിന്നാലെ ഡൽഹി കോൺഗ്രസിൽ പ്രതിസന്ധി. അരവിന്ദറിന് പിന്തുണ അറിയിച്ച് കൂടുതൽ നേതാക്കൾ രംഗത്തെത്തി. ഡൽഹിയിൽ ഇൻഡ്യ സഖ്യം രൂപീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് അരവിന്ദറെന്ന് എ.എ.പി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു.
ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപക് ബാബറിയയുമായുള്ള തർക്കമാണ് അരവിന്ദർ സിങ് ലവ്‌ലിയുടെ രാജിയിലേക്ക് നയിച്ചത്. രാജി കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും പ്രശ്ന പരിഹാരം കോൺഗ്രസ് കണ്ടെത്തുമെന്ന നിൽപാടിലാണ് ആം ആദ്മി
ഷീലാ ദീക്ഷിത് മന്ത്രിസഭയിലെ അംഗമായിരുന്നു അരവിന്ദർ സിങ് ലവ്‌ലി. പാർട്ടി നേതൃത്വവുമായി ഇടഞ്ഞു ഒരു തവണ ബിജെപിയിൽ ചേരുകയും , ആറു മാസത്തിനുള്ളിൽ കോൺഗ്രസിൽ തിരികെ എത്തിയ നേതാവുമാണ് ഇദ്ദേഹം . ഡൽഹി നോർത്ത് ഈസ്റ്റ് ലോക്സഭാ സീറ്റിൽ കണ്ണ് വെച്ചിരുന്ന ലവ്‌ലിയെ നിരാശനാക്കിയാണ് കനയ്യകുമാറിനെ നേതൃത്വം പ്രഖ്യാപിക്കുന്നത്.
അർവിന്ദർ സിങ് ലവ്‌ലിക്ക് പിന്തുണ അറിയിച്ചു കൊണ്ട് കൂടുതൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. അടിയന്തര ഇടപെടൽ നടത്തി പ്രശ്നം പരിഹരിക്കണമെന്ന് സ്ഥാനാർത്ഥികൾ അടക്കമുള്ളവർ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിൽ കലഹിച്ചു മുൻമന്ത്രി രാജ്കുമാർ ചൗഹാൻ പാർട്ടി സ്ഥാനം രാജി വച്ചതിനു പിന്നാലെയാണ് പിസിസി അധ്യക്ഷന്റെയും രാജി .നോർത്ത് വെസ്റ്റ് ലോക്സഭാ സ്ഥാനാർഥി ഉദിത് രാജനെതിരെ പ്രവർത്തകരെ അണിനിരത്തി എന്ന ആരോപണം ചൗഹാനെതിരെ ഉയർന്നിരുന്നു.
തർക്ക പരിഹാരത്തിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കെ സി വേണുഗോപാലിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിലെ ഏഴ് സീറ്റുകളിൽ എ.എ.പി നാലിടത്തും കോൺഗ്രസ് മൂന്നിടത്തുമാണ് മത്സരിക്കുന്നത്.