പേയ് ടിഎം പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള നിക്ഷേപങ്ങൾ സ്വീകരിക്കൽ, ക്രെഡിറ്റ് ഇടപാടുകൾ എന്നിവയ്ക്കുമേൽ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വെള്ളിയാഴ്ച പ്രാബല്യത്തിൽ വരും. ജനുവരി 31നാണ് ഗുരുതര ചട്ടലംഘനം ചൂണ്ടിക്കാണിച്ച് പേയ് ടിഎം ബാങ്കിന് ആർബിഐ താഴിട്ടത്.
മറ്റു ബാങ്ക് അക്കൗണ്ടുകള്‍ തിരഞ്ഞെടുത്തില്ലെങ്കില്‍ പേയ് ടിഎം ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഡീമാറ്റ് അക്കൗണ്ടിലൂടെ ഇടപാടു നടത്താനാവില്ലെന്നു ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
കൃത്യമായ തിരിച്ചറിയൽ രേഖകൾ പോലുമില്ലാതെയാണ് പേയ് ടിഎം ആയിരക്കണക്കിനു ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ അനുമതി നൽകിയതെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആർബിഐ കടുത്ത നടപടികൾ സ്വീകരിച്ചത്. ഒരേ തിരിച്ചറിയൽ രേഖ ഉപയോഗിച്ചു പല അക്കൗണ്ടുകൾ തുറന്നതായും കണ്ടെത്തി.
കള്ളപ്പണം വെളുപ്പിക്കാൻ ഉൾപ്പെടെ ഇത്തരം അക്കൗണ്ടുകൾ ഉപയോഗിച്ചേക്കാമെന്നാണ് ആർബിഐ ചൂണ്ടിക്കാണിക്കുന്നത്. ഇ.ഡിയെയും പ്രധാനമന്ത്രിയുടെ ഓഫിസിനെയും ഇക്കാര്യം അറിയിക്കുകയും ചെയ്തു.