ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയേക്കാൾ കൂടുതൽ വോട്ട് തൻ്റെ മകൾ സുപ്രിയ സുലെയ്ക്കാണ് ലഭിച്ചതെന്ന് ശരദ് പവാര്‍
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയേക്കാൾ കൂടുതൽ വോട്ട് തൻ്റെ മകൾ സുപ്രിയ സുലെയ്ക്കാണ് ലഭിച്ചതെന്ന അഭിപ്രായവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്ത്. മോദിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും മോദിയുടെ ഗ്യാരണ്ടിയില്‍ ജനങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാറും ശരത് പവാറിന്‍റെ മകള്‍ സുപ്രിയ സുലെയും തമ്മിലുള്ള കടുത്ത പോരാട്ടത്തിന് സാക്ഷ്യം വഹിച്ച ബാരാമതിയിലെ വരൾച്ച ബാധിത ഗ്രാമങ്ങളിൽ പര്യടനം നടത്തുകയാണ് പവാര്‍. ബാരാമതി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് 1.58 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുപ്രിയ സുലെ തെരഞ്ഞെടുക്കപ്പെട്ടതെന്നും വാരാണസിയിൽ 1.50 ലക്ഷം വോട്ടുകളാണ് മോദിക്ക് ലഭിച്ചതെന്നും ശരദ് പവാര്‍ ബാരാമതിയിലെ ഒരു റാലിയില്‍ പറഞ്ഞു. പ്രധാനമന്ത്രിയേക്കാൾ കൂടുതൽ വോട്ട് ജനങ്ങൾ സുപ്രിയ സുലെയ്ക്ക് നൽകിയെന്നാണ് ഇതിനർത്ഥമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിയിലെ വാരണാസി മണ്ഡലത്തിൽ കോൺഗ്രസിന്‍റെ അജയ് റായിയെ 1,52,513 വോട്ടിനാണ് മോദി പരാജയപ്പെടുത്തിയത്. സുപ്രിയ സുലെ എൻഡിഎ സ്ഥാനാർത്ഥി സുനേത്ര പവാറിനെ 1,58,333 വോട്ടിനും തോല്‍പിച്ചു. ബാരാമതിയിലെ യുവാക്കള്‍ തന്നെ എപ്പോഴും സഹായിച്ചിട്ടുണ്ടെന്നും പവാര്‍ പറഞ്ഞു. ഏത് ബട്ടണാണ് (ഇവിഎമ്മിൽ) അമർത്തേണ്ടതെന്ന് ജനങ്ങളോട് പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയിലും മോദി സർക്കാരിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടതായി തനിക്ക് തോന്നുന്നുവെന്ന് 'മോദി കി ഗ്യാരണ്ടി' എന്ന ബിജെപിയുടെ മുദ്രാവാക്യം പരാമർശിച്ചു കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.