വാടക ​ഗർഭധാരണത്തിലൂടെ മാതാപിതാക്കളാകുന്നവർക്കും പ്രസവാവധി നൽകും: ഒഡിഷ സർക്കാർ

Update: 2024-09-28 07:59 GMT

വാടക ഗർഭധാരണത്തിലൂടെ മാതാപിതാക്കളാകുന്ന ജീവനക്കാർക്ക് പ്രസവാവധി അനുവദിക്കുമെന്ന് ഒഡിഷ സർക്കാർ. പുതിയ നയമനുസരിച്ച്, സംസ്ഥാന സർക്കാർ ജീവനക്കാരിൽ വാടക ​ഗർഭധാരണത്തിലൂടെ അമ്മമാരാകുന്ന സ്ത്രീകൾക്ക് 180 ദിവസത്തെ പ്രസവാവധിയും പുരുഷ ജീവനക്കാർക്ക് 15 ദിവസത്തെ പാറ്റേണിറ്റി അവധിയും ലഭിക്കും. ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത്, 'കമ്മീഷനിംഗ് അമ്മമാർ' എന്ന് വിളിക്കപ്പെടുന്ന, വാടക ഗർഭധാരണത്തിലൂടെ അമ്മമാരാകുന്ന സംസ്ഥാന വനിതാ ജീവനക്കാർക്ക് 180 ദിവസത്തെ പ്രസവാവധിക്ക് അർഹതയുണ്ട് എന്നാണ്.

ദമ്പതിമാരുടെ ഇരുവരുടെയുമോ ആരെങ്കിലും ഒരാളുടേയോ ബീജവും അണ്ഡവും തമ്മിൽ സംയോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ച് വളർത്തി പ്രസവിച്ചശേഷം കൈമാറുന്ന രീതിയാണ് വാടക ​ഗർഭധാരണം. വന്ധ്യതയടക്കം വിവിധ കാരണങ്ങളാൽ ലോകമെമ്പാടുമുള്ള നിരവധി ദമ്പതികൾ ഈ രീതി തിരഞ്ഞെടുക്കുന്നുണ്ട്.

2002 മുതൽ തന്നെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ വാടക ഗർഭധാരണരീതി അവലംബിക്കുന്നവരുണ്ട്. പിന്നീട്, 2021 -ൽ പണത്തിന് വേണ്ടി വാടക​ഗർഭധാരണം നടത്തുന്നത് നിരോധിക്കുകയും എന്നാൽ ദമ്പതികളില്ലാത്തവർക്കുള്ള സഹായമെന്ന നിലയിലുള്ള വാടക ഗർഭധാരണം അനുവദിക്കുകയും ചെയ്തുകൊണ്ട് പാർലമെൻ്റ് സറോഗസി (റെഗുലേഷൻ) ബിൽ, പാസാക്കി. ഇത് പ്രകാരം ഇൻഷുറൻസ് തുക, മെഡിക്കൽ ചെലവ് എന്നിവ മാത്രം നൽകാനോ/ വാങ്ങാനോ മാത്രമേ കഴിയൂ.

ഈ വർഷം ജൂണിൽ, വാടക ഗർഭധാരണത്തിലൂടെ മാതാപിതാക്കളാകുന്ന സർക്കാർ ജീവനക്കാർക്ക് പ്രസവ, രക്ഷാകർതൃ അവധി ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാർ നീട്ടിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഒഡിഷ സർക്കാരും സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. 

Tags:    

Similar News