പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് ഗുരുതരമായ കുറ്റകൃത്യമെന്ന് സുപ്രീംകോടതി
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് എതിരായ ലൈംഗികാതിക്രമങ്ങൾ അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതിരിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമെന്ന് സുപ്രീംകോടതി. കുറ്റത്തെ കുറിച്ച് ധാരണയുണ്ടായിട്ടും അത് റിപ്പോർട്ട് ചെയ്യാത്തത് കുറ്റവാളികളെ രക്ഷിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായി മാത്രമേ വിലയിരുത്താൻ സാധിക്കുകയുള്ളുവെന്ന് ജസ്റ്റിസ് അജയ് റസ്തോഗി അദ്ധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ രജുറയിലുള്ള ഇൻഫൻറ് ജീസസ് ഇംഗ്ലീഷ് പബ്ലിക് ഹൈ സ്‌കൂളിലെ ഹോസ്റ്റലിൽ താമസിച്ച് പഠിച്ചിരുന്ന പട്ടികവർഗവിഭാഗക്കാരായ വിദ്യാർഥിനികൾക്ക് എതിരായ ലൈംഗികാതിക്രമങ്ങൾ പ്രദേശവാസിയായ ഡോക്ടർ മറച്ചുവെച്ചെന്ന കേസിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റൽ സൂപ്രണ്ട് ഉൾപ്പടെ നാല് പേർ അറസ്റ്റിലായിരുന്നു. തങ്ങൾക്കെതിരായ ലൈംഗികാതിക്രമത്തേക്കുറിച്ച് കുട്ടികൾ ഡോക്ടറെ വിവരം അറിയിച്ചിരുന്നതായാണ് മഹാരാഷ്ട്ര പൊലീസ് അന്വേഷണത്തിനിടെ വ്യക്തമാക്കിയത്. ഇതനുസരിച്ചാണ് ഡോക്ടർക്കെതിരെയും കേസ് എടുത്തത്.
പീഡനത്തിന് ഇരയായ പെൺകുട്ടികൾ നൽകിയ വിവരങ്ങൾ മറച്ചുവെച്ച ഡോക്ടറും കേസിൽ പ്രതിയായി. എന്നാൽ കഴിഞ്ഞ വർഷം ഏപ്രിലിൽ മുംബൈ ഹൈക്കോടതി ഡോക്ടർക്കെതിരായ എഫ്‌ഐആർ റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയിൽ എത്തിയത്. പോക്സോ നിയമം 19 (1) പ്രകാരം കുട്ടികൾക്ക് എതിരായ ലൈംഗികാതിക്രമങ്ങൾ ശ്രദ്ധയിൽപ്പെടുന്നവർ ഉടനടി അത് പൊലീസിനെയൊ മറ്റ് അധികൃതരെയൊ അറിയിക്കണമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.
കുറ്റകൃത്യങ്ങൾ കൃത്യസമയത്ത് അധികൃതരുടെ ശ്രദ്ധയിൽ എത്തിയില്ലെങ്കിൽ പോക്സോ നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ തന്നെ അത് പ്രതികൂലമായി ബാധിക്കും. മിക്കവാറും സാഹചര്യങ്ങളിൽ ഇത്തരം ഒളിച്ചുവെക്കൽ കുറ്റവാളികളെ രക്ഷിക്കാനായിരിക്കുമെന്നും സുപ്രീംകോടതി നീരീക്ഷിച്ചു. 28 പേജുള്ള വിധി ന്യായത്തിൽ പോക്‌സോ കേസുകൾ മറച്ചുവയ്ക്കുന്നതിലെ ദൂഷ്യത്തേക്കുറിച്ച് സുപ്രീം കോടതി വിശദമാക്കുന്നുണ്ട്. കേസ് നിർഭാഗ്യകരമാണെന്നും കോടതി വ്യക്തമാക്കി.