'100% ശാസ്ത്രീയചിന്ത; വന്ദേഭാരത് നിറം മാറിയതിൽ യാതൊരു രാഷ്ട്രീയവുമില്ല': കേന്ദ്ര റെയിൽവേ മന്ത്രി

Update: 2023-10-05 05:30 GMT

പുതിയ വന്ദേഭാരത് എക്സ്‌പ്രസിന്റെ നിറം മാറ്റിയതിൽ രാഷ്ട്രീയമില്ലെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വെള്ളയിൽനിന്ന് ഓറഞ്ച് നിറത്തിലേക്കു വന്ദേഭാരത് മാറിയതു ശാസ്ത്രീയചിന്തയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

''മനുഷ്യരുടെ കണ്ണുകൾക്കു 2 നിറങ്ങളാണു കൂടുതലായി കാണാനാവുക– മഞ്ഞയും ഓറഞ്ചും. യൂറോപ്പിൽ 80 ശതമാനം ട്രെയിനുകളും ഓറഞ്ച് നിറത്തിലോ മഞ്ഞയും ഓറഞ്ചോ കലർന്നോ ഉള്ളതാണ്. വെള്ളിയും തിളക്കമുള്ള നിറമാണ്. പക്ഷേ, മനുഷ്യനേത്രങ്ങളുടെ കാഴ്ച കണക്കിലെടുക്കുമ്പോൾ മഞ്ഞയും ഓറഞ്ചുമാണു മികച്ചത്. ട്രെയിൻ നിറംമാറ്റത്തിനു പിന്നിൽ യാതൊരു രാഷ്ട്രീയവുമില്ല, 100 ശതമാനം ശാസ്ത്രീയ ചിന്തയാണ്''– അശ്വിനി വൈഷ്ണവ് പറഞ്ഞു.

''ഇക്കാരണത്താലാണ് വിമാനങ്ങളിലെയും കപ്പലുകളിലെയും ബ്ലാക്ക് ബോക്സുകൾ‌ക്ക് ഓറഞ്ച് നിറം നൽകിയിട്ടുള്ളത്. ദേശീയ ദുരന്തപ്രതികരണ സേന ഉപയോഗിക്കുന്ന രക്ഷാപ്രവർത്തന ബോട്ടുകളുടെയും ലൈഫ് ജാക്കറ്റുകളുടെയും നിറവും ഓറഞ്ചാണ്.''– റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം തിരുവനന്തപുരം – കാസർകോട് റൂട്ടിൽ സർവീസ് തുടങ്ങിയ രണ്ടാം വന്ദേഭാരത് എക്സ്പ്രസ് ഓറഞ്ച് നിറത്തിലുള്ളതാണ്. നിലവിൽ ഓറഞ്ച് നിറമുള്ള ഏക ട്രെയിൻ കേരളത്തിലാണുള്ളത്.

Tags:    

Similar News