'പാർലമെന്റിൽ ആർക്കും പ്രത്യേക പരിഗണന ഇല്ല' ; നിയമം എല്ലാവർക്കും ഒരു പോലെ , കേന്ദ്രമന്ത്രി കിരൺ റിജിജു

Update: 2024-07-04 08:35 GMT

പാർലമെന്റിൽ ആർക്കും പ്രത്യേക പരിഗണനയില്ലെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. നിയമം എല്ലാവർക്കും ഒരുപോലെയെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, പ്രമുഖ കുടുംബത്തിൽ നിന്നായത് കൊണ്ട് ആർക്കും നിയമം ബാധകമല്ലാതിരിക്കില്ലെന്നും കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ പ്രസംഗത്തിനെതിരായി ബിജെപി സ്പീക്കർക്ക് നൽകിയ നോട്ടീസ് പരാമർശിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

രാഹുൽ ഗാന്ധി ബോധപൂർവം തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ബിജെപി എംപി ബാംസുരി സ്വരാജാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. പാർലമെന്ററി ചട്ടം 115 പ്രകാരമാണ് നോട്ടീസ്. അഗ്നിപഥ് സ്‌കീമിനെ പറ്റി രാഹുൽ നടത്തിയ പരാമർശം അടിസ്ഥാനരഹിതമാണെന്നും രാഹുൽ മനപ്പൂർവം കൃത്യവിലോപം നടത്തിയതാണെന്നുമാണ് നോട്ടീസിലെ ആരോപണം.

നോട്ടീസിൽ അനുകൂല നടപടിയുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്നാണ് കിരൺ റിജിജു പ്രതികരിച്ചിരിക്കുന്നത്. സഭയിൽ തെറ്റിദ്ധാരണ പരത്തുന്ന ആരെയും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും നിയമം അവരെ പിടികൂടുമെന്നും മന്ത്രി പറഞ്ഞു.

"ലോക്‌സഭയിൽ രാഹുൽ ഗാന്ധി തുടർച്ചയായി നുണക്കഥകൾ അഴിച്ചുവിട്ടപ്പോഴാണ് ഞങ്ങൾ ഉചിതമായ നടപടിയെടുക്കാൻ സ്പീക്കറോട് ആവശ്യപ്പെട്ടത്. അടിസ്ഥാനരഹിതമായ കാര്യങ്ങളായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞതിലേറെയും. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്. നിയമത്തിൽ നിന്ന് ഒളിച്ചോടാനാവുമെന്ന് ആരും പ്രതീക്ഷിക്കുക പോലും വേണ്ട. പ്രമുഖ കുടുംബത്തിൽ നിന്നായത് കൊണ്ട് ആർക്കും പ്രത്യേക പരിഗണന നൽകാനുമാവില്ല. സഭയെ തെറ്റിദ്ധരിപ്പിക്കാൻ സഭാംഗത്വം ദുരുപയോഗപ്പെടുത്തുന്നവരെ നിയമം പിന്തുടർന്ന് കുടുക്കുക തന്നെ ചെയ്യും"- റിജിജു പറഞ്ഞു

Tags:    

Similar News