ഇന്ത്യയിൽ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം

Update: 2023-07-27 01:41 GMT

രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ.) പഠനം. കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിധ്യമുള്ളത്.

ഐ.സി.എം.ആറിനു കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ.ഐ.വി.) ആണ് പഠനംനടത്തിയത്. 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സർവേ പൂർത്തിയായതായി ലാബോററി ഗ്രൂപ്പ് നേതാവ് പ്രജ്ഞാ യാദവ് പറഞ്ഞു. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡിഷ, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല.

അസമിലെ ധുബ്രി ജില്ല, പശ്ചിമ ബംഗാളിലെ മ്യാനഗുരി, കൂച്ച് ബിഹാർ പ്രദേശങ്ങളിലും കേരളത്തിൽ കോഴിക്കോടും പഴംതീനി വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം നേരത്തേ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ രാജ്യത്തെ മറ്റു പ്രദേശങ്ങളിൽ ഇതു സംബന്ധിച്ച് പഠനങ്ങൾ നടത്തിയിരുന്നില്ല. അതുകൊണ്ടാണ് രാജ്യവ്യാപകമായി സർവേ നടത്താൻ തീരുമാനിച്ചതെന്ന് ഐ.സി.എം.ആർ.-എൻ.ഐ.വി. ഡയറക്ടർ ഇൻ-ചാർജ് ഡോ. ഷീലാ ഗോഡ്‌ബോൾ പറഞ്ഞു. 2018 മേയിൽ, കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച 18 പേരിൽ 16 പേരും മരിച്ചിരുന്നു.

Tags:    

Similar News