ഇന്ത്യൻ വിദ്യാർഥികൾ പഠനത്തിനായി വിദേശത്ത് പോകുന്നതിനെ വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ

Update: 2024-10-20 12:21 GMT

വിദേശത്തേക്ക് ഇന്ത്യൻ വിദ്യാർഥികൾ പഠിക്കാൻ പോകുന്നതിനിടെ വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രം​ഗത്ത്. ശനിയാഴ്ചയാണ് വിദേശത്തേക്കുള്ള വിദ്യാർഥികളുടെ പോക്കിനെ ധൻകർ വിമർശിച്ചത്. ഇന്ന് രാജ്യത്തെ കുട്ടികൾക്കിടയിൽ പുതിയൊരു രോഗം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കുട്ടികൾ വലിയ രീതിയിൽ പുറത്തേക്ക് പോവുകയാണ്. പുതിയ സ്വപ്നങ്ങൾ സൃഷ്ടിക്കാനാണ് അവർ ഈ രീതിയിൽ പുറത്തേക്ക് പോകുന്നത്. എന്നാൽ, ഏത് രാജ്യത്തേക്കാണോ പോകുന്നതെന്നോ ഏത് സ്ഥാപനത്തിലാണോ പഠിക്കുന്നതെന്നോ എന്ന കാര്യത്തിൽ അവർക്ക് ഒരു ധാരണയുമില്ലെന്നും ധൻകർ വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ ലോകവും ഇക്കാര്യത്തിൽ വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകണം. ഇന്ത്യയിലുള്ള അവസരങ്ങളെ കുറിച്ച് അവരെ പറഞ്ഞ് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. എട്ടോ പത്തോ ജോലികൾക്ക് വേണ്ടിയാണ് ഇന്ത്യയിലെ കുട്ടികൾ ശ്രമിക്കുന്നത്. എന്നാൽ, അതിനേക്കാളേ​റെ ജോലി അവസരങ്ങൾ ഇന്ത്യയിലുണ്ട്. അതിന് വേണ്ടി ഇന്ത്യയിലെ യുവാക്കൾ ശ്രമിക്കണമെന്നും ധൻകർ പറഞ്ഞു. രാജസ്ഥാനിലെ സികാറിൽ സ്വകാര്യ വിഭ്യാഭ്യാസ സ്ഥാപനം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 

Tags:    

Similar News