നീറ്റ് , നെറ്റ് പരീക്ഷാ ക്രമക്കേട് ; കേന്ദ്ര വിദ്യാഭ്യസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം , സീതാറാം യെച്ചൂരി

Update: 2024-06-21 11:51 GMT

നെറ്റ്, നീറ്റ് പരീക്ഷകളിലെ ക്രമക്കേടിൽ കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാനെതിരെ സീതാറാം യെച്ചൂരി രംഗത്തെത്തി. സംഭവങ്ങളുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നവർ രാജിവെക്കാനുള്ള രാഷ്ട്രീയ മര്യാദ കാണിക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. പരീക്ഷയുടെ ചോദ്യ പേപ്പർ ചോർത്തി വിൽക്കുകയാണ്. ഇന്ത്യയുടെ ഭാവി പ്രതീക്ഷകളായ കോടിക്കണക്കിന് കുട്ടികൾ ഇതിലൂടെ ബുദ്ധിമുട്ടിലായി.സർക്കാരാണ് ഇതിന് ഉത്തരവാദിയെന്ന് ആരോപിച്ച അദ്ദേഹം നാഷണൽ ടെസ്റ്റിങ് ഏജൻസി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു.

അതേസമയം നീറ്റ് പരീക്ഷ ക്രമക്കേടിലെ അന്വേഷണം ബീഹാറിന് പുറത്തേക്കും നീളുകയാണ്. യു പി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് ചോദ്യം ചെയ്യലിന് പൊലീസ് നോട്ടീസ് അയച്ചു. പരീക്ഷ കേന്ദ്രങ്ങളിൽ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ക്രമക്കേടിന് എതിരെ കോൺഗ്രസ് ഡൽഹിയിലും, ലക്നൗവിലും നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പാര്‍ലമെന്‍റ് വളയല്‍ സമരത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘർഷമുണ്ടായി. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി പാര്‍ലമെന്‍റിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ച് ഡൽഹി പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ ഉന്തും തള്ളമുണ്ടായി.

Tags:    

Similar News