' നരേന്ദ്ര മോദിയും ബിജെപിയും മുസ്ലിങ്ങൾക്കെതിരെ നുണകളും വിദ്വേഷവും പ്രചരിപ്പിക്കുന്നു ' ; അതിരൂക്ഷ വിമർശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി

Update: 2024-05-15 07:06 GMT

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ബിജെപി നേതാവിന്റെ മുഴുവൻ രാഷ്ട്രീയ യാത്രയും മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിൽ അധിഷ്ഠിതമാണെന്ന് ഉവൈസി പറഞ്ഞു. നുഴഞ്ഞുകയറ്റക്കാർ, കൂടുതൽ കുട്ടികളുള്ളവർ എന്നീ വിവാദ പരാമർശങ്ങളിൽ നരേന്ദ്രമോദി പ്രതികരിച്ചതിന് പിന്നാലെയാണ് വിമർശനവുമായി വൈസി എത്തിയത്.

മോദി എണ്ണമറ്റ നുണകളും മുസ്ലിംകൾക്കെതിരെ കടുത്ത വിദ്വേഷവും പ്രചരിപ്പിച്ചുവെന്ന് ഒവൈസി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ഒവൈസിയുടെ വിമർശനം. മോദിയുടെ വിശദീകരണം തെറ്റാണെന്ന് പറഞ്ഞ ഒവൈസി മോദിയുടെ പ്രസംഗങ്ങൾ കേട്ട് ബിജെപിക്ക് വോട്ട് ചെയ്യുന്നവരെയും വിമർശിച്ചു. മുസ്‌ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്നും ധാരാളം കുട്ടികളുള്ളവരെന്നും മോദി പ്രസംഗത്തിൽ വിളിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം പറയുന്നത് താൻ മുസ്ലിംകളെക്കുറിച്ചല്ല, ഹിന്ദു-മുസ്‌ലിം എന്ന് പറഞ്ഞിട്ടില്ലെന്നാണ്. ഈ തെറ്റായ വ്യക്തത നൽകാൻ ഇത്രയധികം സമയമെടുത്തത് എന്തിനാണ്? മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിൽ മാത്രം അധിഷ്ഠിതമാണ് മോദിയുടെ രാഷ്ട്രീയ യാത്ര. ഈ തെരഞ്ഞെടുപ്പിൽ മോദിയും ബിജെപിയും മുസ്ലിംകൾക്കെതിരെ എണ്ണിയാലൊടുങ്ങാത്ത നുണകളും അപാരമായ വിദ്വേഷവും പ്രചരിപ്പിച്ചു. മോദി മാത്രമല്ല, ഈ പ്രസംഗങ്ങൾക്കിടയിലും ബിജെപിക്ക് വോട്ട് ചെയ്ത ഓരോ വോട്ടറും കുറ്റവാളികളാണ്-ഒവൈസി പറഞ്ഞു.

നുഴഞ്ഞുകയറ്റക്കാർ, കൂടുതൽ കുട്ടികളുള്ളവർ എന്നീ വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായാണ് മോദി രം​ഗത്തെത്തിയത്. താൻ മുസ്ലിംകളെ കുറിച്ച് മാത്രമല്ല, എല്ലാ ദരിദ്ര കുടുംബങ്ങളെ കുറിച്ചുമാണ് സംസാരിച്ചതെന്നും മോദി പറഞ്ഞു. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഏറെ വിവാദമായ പരാമർശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്.

മുസ്ലിംകളോടുള്ള തന്റെ സ്നേഹം താൻ മാർക്കറ്റ് ചെയ്യാറില്ലെന്ന് മോദി പറഞ്ഞു. "ഞാൻ വോട്ട് ബാങ്കിന് വേണ്ടിയല്ല പ്രവർത്തിക്കുന്നത്. സബ്കാ സാഥിലും സബ്കാ വികാസിലും ഞാൻ വിശ്വസിക്കുന്നു."-പ്രധാനമന്ത്രി മോദി പറഞ്ഞു. "ഞാൻ ഞെട്ടിപ്പോയി, കൂടുതൽ കുട്ടികളുള്ളവരെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അവർ മുസ്ലിംകളാണെന്ന് അനുമാനിക്കുമെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? നിങ്ങൾ മുസ്ലിംകളോട് ഇത്ര അനീതി കാണിക്കുന്നത് എന്തുകൊണ്ട്? പാവപ്പെട്ട കുടുംബങ്ങളിലും ഇതാണ് അവസ്ഥ. അവരുടെ സാമൂഹിക അവസ്ഥ പരിഗണിക്കാതെ ദാരിദ്ര്യം ഉള്ളിടത്ത് കൂടുതൽ കുട്ടികളുള്ള സാഹചര്യമുണ്ട്. ഞാൻ ഹിന്ദുവെന്നോ മുസ്ലിമെന്നോ പറ‍ഞ്ഞിട്ടില്ല. ഒരാൾക്ക് പരിപാലിക്കാൻ കഴിയുന്നത്ര കുട്ടികളുണ്ടാകണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ കുട്ടികളെ സർക്കാർ നോക്കേണ്ട സാഹചര്യം ഉണ്ടാകരുത്.' -മോദി പറഞ്ഞു.

മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ 2002ൽ നടന്ന ​​ഗോധ്ര കലാപത്തിന് ശേഷം എതിരാളികൾ മുസ്ലിംകൾക്കിടയിൽ തന്റെ പ്രതിച്ഛായ മോശമാക്കിയെന്നും മോദി പറഞ്ഞു. 'മുസ്ലിംകൾ തന്നെ പിന്തുണക്കുന്നുണ്ടെങ്കിലും അവരോട് അത് ചെയ്യൂ ഇത് ചെയ്യൂ എന്ന് പറയാനും ആളുകളുണ്ട്. എന്റെ വീട്ടിൽ, എനിക്ക് ചുറ്റും മുസ്ലിം കുടുംബങ്ങൾ ഉണ്ട്. ഞങ്ങളുടെ വീട്ടിലും പെരുന്നാൾ ആഘോഷിച്ചു, ഞങ്ങളുടെ വീട്ടിൽ വേറെയും ആഘോഷങ്ങൾ നടക്കാറുണ്ട്. ഈദ് ദിനത്തിൽ ഞങ്ങളുടെ വീട്ടിൽ ഭക്ഷണം പാകം ചെയ്തിരുന്നില്ല. എല്ലാ മുസ്ലിം കുടുംബങ്ങളിൽ നിന്നും എന്റെ വീട്ടിലേക്ക് ഭക്ഷണം കൊണ്ടുവന്നിരുന്നു. ആ ലോകത്താണ് ഞാൻ വളർന്നത്. ഇന്നും എന്റെ സുഹൃത്തുക്കളിൽ പലരും മുസ്ലീങ്ങളാണ്. 2002-ന് ശേഷം തന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു'. -മോദി പറഞ്ഞു.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംകൾ താങ്കൾക്ക് വോട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് രാജ്യത്തെ ജനങ്ങൾ വോട്ട് ചെയ്യുമെന്നുമായിരുന്നു മോദിയുടെ മറുപടി. ഞാൻ ഹിന്ദു-മുസ്ലിം എന്ന് തുടങ്ങുന്ന ദിവസം, പൊതു മണ്ഡലത്തിൽ നിൽക്കാൻ എനിക്ക് അർഹതയില്ല. ഞാൻ ഹിന്ദു-മുസ്ലിം എന്ന് പറയില്ലെന്നും ഇതാണ് തന്റെ പ്രതിജ്ഞയെന്നും മോദി പറഞ്ഞു. 

Tags:    

Similar News