'നിങ്ങളെന്നും എന്റെ ഹൃദയത്തിലുണ്ടാകും'; നഷ്ടമായത് പ്രിയസുഹൃത്തിനെ: രത്തന്‍ ടാറ്റയെ അനുസ്മരിച്ച് മുകേഷ് അംബാനി

Update: 2024-10-10 05:33 GMT

അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. രത്തന്‍ ടാറ്റയുടെ വിയോഗം എല്ലാ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളവും വലിയ നഷ്ടമാണെന്നും വ്യക്തിപരമായി പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ട ദുഃഖമാണ് തനിക്കെന്നും മുകേഷ് അംബാനി പറഞ്ഞു.

രാജ്യത്തിന് ഇത് ദുഃഖകരമായ ദിവസമാണ്. രത്തന്‍ ടാറ്റയുടെ വിയോഗം ടാറ്റ ഗ്രൂപ്പിന് മാത്രമല്ല, എല്ലാ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളവും വലിയ നഷ്ടമാണ്. വ്യക്തിപരമായി പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ട ദുഃഖമാണ് എനിക്ക്. അദ്ദേഹവുമായുള്ള ഓരോ ഇടപെടലും എന്നെ വളരയെധികം പ്രചോദിപ്പിക്കുകയും ഊര്‍ജസ്വലനാക്കുകയും ചെയ്തിട്ടുണ്ട്. രത്തന്‍ ടാറ്റ ദീര്‍ഘവീക്ഷണമുള്ള ഒരു വ്യവസായിയും മനുഷ്യസ്നേഹിയുമായിരുന്നു, അദ്ദേഹം സമൂഹത്തിന്റെ മഹത്തായ നന്മയ്ക്കായി എപ്പോഴും പരിശ്രമിച്ചു.- മുകേഷ് അംബാനി പറഞ്ഞു.

ടാറ്റയുടെ വേര്‍പാടിലൂടെ ഇന്ത്യക്ക് ഏറ്റവും പ്രഗത്ഭനും കാരുണ്യവാനുമായ ഒരു മകനെയാണ് നഷ്ടമായത്. അദ്ദേഹം ഹൗസ് ഓഫ് ടാറ്റയെ സ്ഥാപനവല്‍ക്കരിക്കുകയും 1991 ല്‍ ചെയര്‍മാനായി ചുമതലയേറ്റ ശേഷം ടാറ്റയെ ഒരു അന്താരാഷ്ട്ര ബിസിനസ് ഗ്രൂപ്പാക്കി മാറ്റുകയും ചെയ്തു. രത്തന്‍ ചുമതലയേറ്റ ശേഷം 70 മടങ്ങ് വളര്‍ച്ചയാണ് ടാറ്റയ്ക്കുണ്ടായത്. റിലയന്‍സിനും നിതയ്ക്കും അംബാനി കുടുംബത്തിനും വേണ്ടി, ടാറ്റ കുടുംബത്തിലെയും മുഴുവന്‍ ടാറ്റ ഗ്രൂപ്പിലെയും അംഗങ്ങള്‍ക്ക് ഞാന്‍ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. രത്തന്‍, എല്ലായ്പ്പോഴും നിങ്ങളെന്റെ ഹൃദയത്തിലുണ്ടാകും. - അംബാനി കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ചയാണ് രത്തൻ ടാറ്റ അന്തരിച്ചത്. തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു അദ്ദേഹം. ടാറ്റ ഗ്രൂപ്പിനെ ഇന്നുകാണുന്ന ആഗോള കമ്പനിയാക്കി പടുത്തുയർത്തി.ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. രത്നം എന്നാണ്‌ ആ പേരിന്റെ അർഥം. മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം. ഇന്ത്യയിൽ മടങ്ങിയെത്തി 1962-ൽ ടാറ്റ മോട്ടോഴ്‌സിന്റെ പഴയരൂപമായ ടെൽകോയിൽ ട്രെയിനിയായി.

1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റസായ അദ്ദേഹം 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി. 2017-ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു.

Tags:    

Similar News