വിഖ്യാത മോഹിനിയാട്ടം നർത്തകി കനക് റെലെ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 86 വയസായിരുന്നു. ഗുജറാത്തില്‍ ജനിച്ച കനക് റെലെ ഏഴാം വയസിലാണ് കൊല്‍ക്കത്തയിലെ ശാന്തിനികേതനിൽ എത്തുന്നതും ആദ്യം കഥകളിയും പിന്നീട് മോഹിനിയാട്ടവും പഠിക്കുന്നത്.
കേരള കലാമണ്ഡലത്തിലെത്തി മോഹിനിയാട്ടത്തിൽ തുടർ പഠനവും നടത്തിയിട്ടുണ്ട്. കാവാലം നാരായണപണിക്കരുമായി ചേർന്ന് സോപാന സംഗീതത്തില്‍ കനക് റെലെ ചിട്ടപ്പെടുത്തിയ മോഹിനിയാട്ടത്തിന് ലോകമെമ്പാടും ആരാധകരുണ്ട്.
മുംബൈയിൽ നളന്ദ നൃത്ത ഗവേഷണ കേന്ദ്രം, നളന്ദ നൃത്ത കല മഹാവിദ്യാലയം എന്നിവ മോഹിനിയാട്ടത്തിന്‍റെ വളർച്ചയ്ക്ക് വേണ്ടി കനക് റെലെ സ്ഥാപിച്ചതാണ്. രാജ്യം പത്മഭൂഷൺ നൽകി കനക് റെലെയെ ആദരിച്ചിട്ടുമുണ്ട്.