മതപരിവർത്തനമെന്ന് ആരോപണം; ഉത്തരാഖണ്ഡിൽ ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം
ഉത്തരാഖണ്ഡിൽ ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം. ഉത്തരകാശി ജില്ലയിലെ പുരോല ഗ്രാമത്തിലാണ് നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്നാരോപിച്ച് 30 പേരടങ്ങുന്ന യുവാക്കൾ വടികളുമായി ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം നടത്തിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഹിന്ദു സംഘടനയിൽപ്പെട്ടവരെന്ന് അവകാശപ്പെട്ട് എത്തിയവരാണ് ആക്രമിച്ചത്. ആക്രമണത്തിനിരയായ പാസ്റ്റർ ലാസറസ് കൊർണേലിയസും ഭാര്യ സുഷമ കൊർണേലിയസും ഉൾപ്പെടെ ആറ് പേരെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. എന്നാൽ പ്രശ്നം പരിഹരിച്ചെന്ന് വ്യക്തമാക്കി ഇവരെ വിട്ടയച്ചു. തലസ്ഥാനമായ ഡെറാഡൂണിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ ഹോപ്പ് ആൻഡ് ലൈഫ് സെന്ററിൽ ഉച്ചയോടെയാണ് ആക്രമണം നടന്നത്.