സംഭൽ സംഘർഷം ; ജയിലിൽ കിടക്കുന്നവരെ കാണാൻ സമാജ് വാദി പാർട്ടി നേതാക്കൾക്ക് അനുമതി നൽകി , ജയിൽ സൂപ്രണ്ട് ഉൾപ്പെടെ രണ്ട് പേർക്ക് സസ്പെൻഷൻ
സംഭലിൽ ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഷൻ്റ് ചെയ്തു. സംഭൽ ആക്രമണത്തിൽ ജയിലിൽ കഴിയുന്നവരെ കാണാൻ സമാജ് വാദി പാർട്ടി നേതാക്കൾക്ക് അവസരം ഒരുക്കിയതിനാണ് സസ്പെൻഷൻ. മോറാദാബാദ് ജയിലിലെ ജയിലർ വിക്രം സിംഗ് യദാവ്, ഡെപ്യൂട്ടി ജയിലർ പ്രവീൺ സിംഗ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. തിങ്കളാഴ്ചയാണ് സമാജ് വാദി പാർട്ടി നേതാക്കൾ ജയിലിൽ സന്ദർശനം നടത്തിയത്.
അതേസമയം, സംഘര്‍ഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് തടഞ്ഞു. ഗാസിപുര്‍ അതിര്‍ത്തിയിൽ ബാരിക്കേഡ് വെച്ചും പൊലീസ് ബസ് കുറുകെയിട്ടും തടയുകയായിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മറ്റു നേതാക്കളും സഞ്ചരിച്ചിരുന്ന വാഹന വ്യൂഹം യുപി അതിര്‍ത്തിൽ പൊലീസ് തടഞ്ഞതോടെ മുന്നോട്ട് പോകാനായില്ല.
പൊലീസ് അനുമതി നൽകാത്തതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കള്‍ അതിര്‍ത്തിയിൽ നിന്ന് മടങ്ങി. രണ്ട് മണിക്കൂറും15 മിനുട്ടും അതിര്‍ത്തിയിൽ കാത്തുനിന്നശേഷമാണ് നേതാക്കള്‍ മടങ്ങിയത്. പ്രതിപക്ഷ നേതാവിന്‍റെ അവകാശങ്ങൾ പോലും ലംഘിക്കപ്പെട്ടു എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രാഹുലിന്‍റെ ഭരണഘടനാ അവകാശങ്ങൾ പോലും ലംഘിക്കപ്പെട്ടു എന്ന് പ്രിയങ്ക ഗാന്ധിയും കുറ്റപ്പെടുത്തി.