പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനായി മമതാ ബാനർജി വയനാട്ടിൽ എത്തുമെന്ന് വിവരം
ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജി വയനാട്ടിൽ എത്തിയേക്കുമെന്ന് വിവരം. തൃണമൂൽ കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദാശീയ മാധ്യമമാണ് വാർത്ത റിപ്പോർട്ടുചെയ്തത്. കഴിഞ്ഞദിവസം കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരം മമതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വയനാട്ടിൽ പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തെ പിന്തുണയ്ക്കാൻ അദ്ദേഹം മമതയോട് ആവശ്യപ്പെട്ടുവെന്നാണ് പുറത്തു വരുന്ന വിവരം.
നിലവിൽ ഇന്ത്യ മുന്നണിയുടെ ഭാഗമാണ് തൃണമൂൽ. എങ്കിലും ബംഗാളില്‍ കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ് മമത ബാനർജി. രാജിവെച്ച കോണ്‍ഗ്രസിന്റെ ബംഗാള്‍ അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയുമായുള്ള തർക്കമാണ് ഇതിന് പ്രധാനകാരണം. സഖ്യത്തിന്റെ ഭാഗമായിരുന്നുവെങ്കിലും ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കാനായിരുന്നു മമതയുടെ തീരുമാനം. അത് ഫലം കാണുകയും ചെയ്തു. ബിജെപിയുടെ വെല്ലുവിളിയെ അതിജീവിച്ച് 42 മണ്ഡലങ്ങളിൽ 29-ലും തൃണമൂൽ വിജയിച്ചു. എന്നാൽ, ബഹരംപുർ മണ്ഡലത്തിൽനിന്ന് മത്സരിച്ച അധീര്‍ രഞ്ജന്‍ ചൗധരി പരാജയപ്പെട്ടു.
വയനാട് എം.പി. സ്ഥാനം രാജിവെച്ച് രാഹുൽ ഗാന്ധി റായ്ബറേലിയിൽ തുടരുമെന്ന പ്രഖ്യാപനം വന്നതോടെയാണ് ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കയെ വയനാട്ടിലെ സ്ഥാനാർഥിയാക്കാൻ നേതൃത്വം തീരുമാനിച്ചത്. വയനാട്ടിൽ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയിൽ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുൽ ഗാന്ധിയുടെ വിജയം.