മറാഠാ വിഭാഗക്കാർക്ക് 10% സംവരണം; ബിൽ പാസാക്കി മഹാരാഷ്ട്ര

Update: 2024-02-20 11:16 GMT

മറാഠാ വിഭാഗക്കാർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും പത്തു ശതമാനം സംവരണം ഉറപ്പാക്കുന്ന ബിൽ മഹാരാഷ്ട്ര നിയമസഭ പാസാക്കി. പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ മേശപ്പുറത്തുവച്ച ബില്ലിനെ എൻസിപി മന്ത്രി ഛഗൻ ഭുജ്ബൽ ഒഴികെയുള്ള മുഴുവൻ പേരും പിന്തുണച്ചു. ബില്ലിന് ലെജിസ്ലേറ്റിവ് കൗൺസിലിന്റെ അംഗീകാരം ലഭിച്ച ശേഷം ഗവർണർ ഒപ്പിടുന്നതോടെ നിയമമാകും.

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ ഈ മാസം 16ന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിൽ പാസാക്കിയത്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 28 ശതമാനമുള്ള മറാഠകൾ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കമാണെന്നു കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ജോലികളിൽ മറാഠാ വിഭാഗക്കാരുടെ പ്രാതിനിധ്യം കുറവാണ്. സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന കർഷകരിൽ 94% പേരും മറാഠാ വിഭാഗക്കാരാണ്. നിലവിൽ സംസ്ഥാനത്ത് വിവിധ വിഭാഗങ്ങൾക്കായി 52% സംവരണമാണുള്ളത്. മറാഠ വിഭാഗക്കാരെ ഒബിസിയിൽ ഉൾപ്പെടുത്തുന്നത് നീതിയുക്തമല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിച്ചു.

Tags:    

Similar News