ഭര്‍ത്താക്കന്‍മാരുടെ മദ്യപാനം നിര്‍ത്താന്‍ വിചിത്രമായ ടിപ്പുമായി മധ്യപ്രദേശ് മന്ത്രി

Update: 2024-06-29 05:08 GMT

ഭര്‍ത്താക്കന്‍മാരുടെ മദ്യപാനം നിര്‍ത്താന്‍ വിചിത്രമായ ടിപ്പുമായി മധ്യപ്രദേശ് മന്ത്രി. സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി നാരായൺ സിംഗ് കുശ്വാഹയാണ് പങ്കാളികളുടെ മദ്യപാനം വിഷമിക്കുന്ന ഭാര്യമാര്‍ക്ക് നല്‍കിയിരിക്കുന്ന ടിപ്പ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. വെള്ളിയാഴ്ച ഭോപ്പാലില്‍ മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായി നടന്ന ബോധവൽക്കരണ ക്യാമ്പയിനിടെയായിരുന്നു മന്ത്രിയുടെ ഉപദേശം. “

ഭർത്താക്കന്മാർ മദ്യപാനം നിർത്തണമെന്ന് അമ്മമാരും സഹോദരിമാരും ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം അവരോട് പുറത്തുപോയി മദ്യപിക്കരുതെന്ന് പറയുക.മദ്യം വീട്ടിൽ കൊണ്ടുവന്ന് നിങ്ങളുടെ മുൻപിൽ കുടിക്കാൻ അവരോട് ആവശ്യപ്പെടുക.അങ്ങനെ വീട്ടുകാരുടെ മുന്നില്‍ വച്ച് മദ്യപിച്ചാല്‍ ക്രമേണ മദ്യപിക്കുന്നത് കുറയും.

ഒടുവില്‍ കുടി നിര്‍ത്തുകയും ചെയ്യും. അവരുടെ ഭാര്യമാരുടെയും കുട്ടികളുടെയും മുന്നിലിരുന്ന് മദ്യപിക്കാൻ അവർ ലജ്ജിക്കും'' എന്നാണ് കുശ്വാഹ പറഞ്ഞത്. “കൂടാതെ, അവരുടെ മാതൃക പിന്തുടർന്ന് കുട്ടികൾ മദ്യപിക്കാൻ തുടങ്ങുമെന്ന് അവരെ ഓർമ്മിപ്പിക്കുക. ഈ രീതി പ്രായോഗികമാണ്, ഭർത്താക്കന്മാർ മദ്യപാനം ഉപേക്ഷിക്കും, ”അദ്ദേഹം കൂട്ടിച്ചേർത്തു.

കുശ്വാഹയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. "മന്ത്രിയുടെ ഉദ്ദേശം ശരിയാണ്, പക്ഷേ അത് നടപ്പിലാക്കുന്ന രീതി തെറ്റാണ്. വീട്ടിൽ മദ്യപിക്കുന്നത് വീടിനെ സംഘർഷത്തിൻ്റെയും ഗാർഹിക പീഡനത്തിൻ്റെയും കേന്ദ്രമാക്കി മാറ്റും. മദ്യപിക്കരുതെന്ന് അദ്ദേഹം ജനങ്ങളെ ഉപദേശിക്കണമായിരുന്നു-" കോൺഗ്രസ് മാധ്യമ വിഭാഗം പ്രസിഡൻ്റ് മുകേഷ് നായക് പറഞ്ഞു.

Tags:    

Similar News