മധ്യപ്രദേശും, ഛത്തീസ്ഗഢും ഇന്ന് പോളിംഗ് ബൂത്തിൽ; മാവോയിസ്റ്റ് ഭീഷണി ഉള്ള സ്ഥലങ്ങളിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ

Update: 2023-11-17 03:34 GMT

വാശിയേറിയ പ്രചാരണത്തിനും ആരോപണ പ്രത്യാരോപണങ്ങൾക്കും ഒടുവിൽ ഇന്ന് മധ്യപ്രദേശിലും, ഛത്തീസ്ഗഡിലും ഇന്ന് വിധിയെഴുത്ത്. മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിനുളള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി വോട്ടെടുപ്പ് ആരംഭിച്ചു. 230 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 252 വനിതകളടക്കം 2533 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ടിംഗ്. ചില മണ്ഡലങ്ങളിൽ രാവിലെ ഏഴ് മുതൽ മൂന്ന് വരെയായും പോളിംഗ് സമയം ക്രമീകരിച്ചിട്ടുണ്ട്.

അതേസമയം ഛത്തീസ്ഗഡിൽ രണ്ടാം ഘട്ടത്തിൽ എഴുപത് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള 9 ബൂത്തുകളിൽ 7 മുതൽ 3 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 958 സ്ഥാനാർത്ഥികളാണ് ആകെ മത്സരരംഗത്തുള്ളത്.

വാശിയേറിയ പ്രചാരണമാണ് രണ്ട് സംസ്ഥാനങ്ങളിലും മുന്നണികളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ആഭ്യന്തരമന്ത്രി അമിത് ഷായും, പ്രിയങ്ക ഗാന്ധിയും പരസ്യപ്രചാരണത്തിൻ്റെ അവസാന ദിനത്തിൽ ഛത്തീസ്ഗഡിലെത്തിയിരുന്നു. രാഹുൽ ഗാന്ധിയും ജെപി നഡ്ഡയും മധ്യപ്രദേശിലെ പ്രചാരണയോഗങ്ങളിൽ പങ്കെടുത്തു. മധ്യപ്രദേശിൽ പ്രചാരണം രണ്ടു വിഷയങ്ങളിലേക്ക് അവസാനം ചുരുങ്ങിയ കാഴ്ചയാണ് കാണുന്നത്. ജാതി സെൻസസ് ഉയർത്തിയുള്ള നീക്കം കോൺഗ്രസിനെ ഏറ്റവും സഹായിക്കുന്നത് മധ്യപ്രദേശിലാണ്. ജാതി സെൻസസ് സംസ്ഥാനത്ത് കോൺഗ്രസ് പ്രധാന പ്രചാരണായുധമാക്കുമ്പോൾ ജനക്ഷേമപദ്ധതികൾ മുന്നോട്ട് വച്ചാണ് ബിജെപിയുടെ നീക്കങ്ങൾ. ഛത്തീസ്ഗഡിൽ ആദ്യഘട്ടത്തിൽ നേരത്തെ ഇരുപത് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായിരുന്നു.

Tags:    

Similar News