ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ നാളെ വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏഴ് ഘട്ടങ്ങളിലായാവും തിരഞ്ഞെടുപ്പെന്നാണ് വിവരം. ആന്ധ്ര, അരുണാചൽ, ഒഡീഷ നിയമസഭ തീയതികൾ പ്രഖ്യാപിക്കും. ഇതിനൊപ്പം ജമ്മു കാശ്മീരിലും തിരഞ്ഞെടുപ്പ് നടത്താൻ ആലോചനയുണ്ടെന്നാണ് വിവരം.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ അംഗങ്ങളായ മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവർ ഇന്ന് ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയശേഷമാണ് തീയതികൾ അറിയിക്കാനായി നാളെ വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചത്.