പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി അസം ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എഎപി. മൂന്നുപേര് അടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്. ദിബ്രുഗഡ്, ഗുവാഹത്തി, സോനേത്പൂർ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ എഎപി രാജ്യസഭാ എംപി സന്ദീപ് പഥകാണ് പ്രഖ്യാപിച്ചത്.
‘ഇന്ത്യ’ സഖ്യത്തിൽ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് എഎപിയുടെ പ്രഖ്യാപനം. അസമിലെ 14 ലോക്സഭാ സീറ്റുകളിൽ മൂന്നിടത്ത് മത്സരിക്കാനാണ് പാർട്ടി തീരുമാനം. മനോജ് ധനോഹർ(ദിബ്രുഗഡ്), ഭവൻ ചൗധരി(ഗുവാഹത്തി), ഋഷി രാജ്(സോനേത്പൂർ) എന്നിവരാണ് സ്ഥാനാർത്ഥികൾ. ഈ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കാൻ ഇന്ത്യൻ ബ്ലോക്ക് അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സന്ദീപ് പഥക് പറഞ്ഞു.
‘ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി, ഇനി ഏതാനും മാസങ്ങൾ മാത്രമാണ് ബാക്കി. ഒരുപാട് ജോലികൾ ബാക്കിയാണ്. അതുകൊണ്ടാണ് അസമിൽ നിന്ന് മൂന്ന് സ്ഥാനാർത്ഥികളെ എഎപി പ്രഖ്യാപിക്കുന്നത്. ഈ നിയോജക മണ്ഡലങ്ങളിൽ സർവ്വശക്തിയുമെടുത്ത് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിക്കും. ഇന്ത്യാ ബ്ലോക്കും ഈ മൂന്ന് സീറ്റുകൾ എഎപിക്ക് നൽകുമെന്ന് വിശ്വാസവും പ്രതീക്ഷയുമുണ്ട്’- അദ്ദേഹം പറഞ്ഞു.