കുവൈത്ത് ദുരന്തം ; മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം 10.30ന് കൊച്ചി വിമാനത്താവളത്തിൽ എത്തും , കൊച്ചിയിൽ 31 മൃതദേഹങ്ങൾ കൈമാറും

Update: 2024-06-14 03:30 GMT

കുവൈത്തിൽ തൊഴിലാളികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. പ്രത്യേക വിമാനത്തിൽ രാവിലെ 10:30 ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തുക. മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, നോർക്ക ഉദ്യോഗസ്ഥർ എന്നിവർ അന്തിമോപചാരം അർപ്പിക്കും.

രാവിലെ കൊച്ചിയിലെത്തുന്ന വിമാനം 23 മലയാളികളുടെയും കർണാടക തമിഴ്നാട് സ്വദേശികളുടെയും മൃതദേഹങ്ങൾ കൈമാറി ഡൽഹിയിലേക്ക് പോകും. മൃതദേഹങ്ങൾ കൊച്ചിയിലെയും ഡൽഹിയിലെയും സംസ്ഥാന സർക്കാർ പ്രതിനിധികൾ ഏറ്റുവാങ്ങും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും വിമാനത്തിലുണ്ട്. 23 മലയാളികളുടെ മരണമാണ് സ്ഥിരീകരിച്ചത്. കൊച്ചിയിലെത്തുന്ന മൃതദേഹം ആംബുലൻസ് മാർഗം അവരവരുടെ നാട്ടിലെത്തിക്കും. ഇതിനായി നോർക്കാ നിർദേശ പ്രകാരം ആംബലൻസുകൾ തയാറായി കഴിഞ്ഞു. മരിച്ച അയൽ സംസ്ഥാനത്തുള്ളവരുടെ മൃതദേഹവും കൊച്ചിയിലാണ് എത്തുന്നത്. പിന്നീട് ഇവിടെ നിന്നും അതാതിടങ്ങളിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുക.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകുന്നതിന് നോർക റൂട്ട്സിന് കീഴിൽ ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷനുമായി ചേർന്ന് പ്രത്യേക ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ തമിഴ്നാട് ഗവൺമെന്റിന്റെ എട്ട് ആംബുലൻസുകളും വിമാനത്താവളത്തിൽ എത്തിട്ടുണ്ട്.

Tags:    

Similar News