പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍

Update: 2024-05-02 08:57 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രം​ഗത്ത്. കോണ്‍ഗ്രസ് പ്രകടന പത്രികയേക്കുറിച്ച് കള്ളംപറയുന്നത് അവസാനിപ്പിക്കണമെന്നും വിദ്വേഷപ്രചാരണം നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചു.

തങ്ങളുടെ പ്രകടനപത്രിക നീതിയെക്കുറിച്ചും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും എങ്ങനെ വളര്‍ച്ചകൊണ്ടുവരാമെന്നുമാണ് പറയുന്നത്. വിദ്വേഷ പ്രസംഗങ്ങളില്‍ ഏര്‍പ്പെടുന്നതിനുപകരം കഴിഞ്ഞ പത്തുവര്‍ഷത്തെ നിങ്ങളുടെ സര്‍ക്കാരിന്റെ പ്രകടനത്തേക്കുറിച്ച് പറഞ്ഞ് വോട്ട് തേടുന്നതാണ് പ്രധാനമന്ത്രി എന്ന നിലയില്‍ നല്ലതെന്നും തങ്ങളുടെ പ്രകടനപത്രികയെക്കുറിച്ചും നിങ്ങള്‍ പറഞ്ഞ പോയിന്റുകളെക്കുറിച്ചും തങ്ങളുമായി സംവാദം നടത്താന്‍ നിങ്ങളെയോ നിങ്ങള്‍ ചുമതലപ്പെടുത്തുന്ന ആളെയോ കോണ്‍ഗ്രസ് പാര്‍ട്ടി വെല്ലുവിളിക്കുന്നുവെന്നും ഖാര്‍ഗെ കത്തില്‍ പറയുന്നു.

മാത്രവുമല്ല വര്‍ദ്ധിച്ചുവരുന്ന അസമത്വത്തെക്കുറിച്ച് സംസാരിക്കാനോ നമ്മുടെ ജനങ്ങളെ ബാധിക്കുന്ന തൊഴിലില്ലായ്മയെക്കുറിച്ചും അഭൂതപൂര്‍വമായ വിലക്കയറ്റത്തെക്കുറിച്ചും സംസാരിക്കാനോ നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്തതെന്തുകൊണ്ടാണെന്നും ഖാര്‍ഗെ ചോദിച്ചു.

വോട്ടര്‍മാരോട് എന്ത് പറയണമെന്ന് മുഴുവന്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കും നിങ്ങളയച്ച കത്ത് താന്‍ കണ്ടുവെന്നും നിരാശയും ആശങ്കയും നിങ്ങളില്‍ ഉണ്ടെന്ന് കത്തിന്റെ സ്വരത്തിലും ഉള്ളടക്കത്തിലും വ്യക്തമായെന്നും ഖാർ​ഗെ പറയുന്നു. നിങ്ങളുടെ പ്രസംഗങ്ങളിലെ നുണകള്‍ നിങ്ങള്‍ ഉദ്ദേശിച്ച ഫലമുണ്ടാക്കുന്നില്ലെന്ന് കത്ത് കാണിക്കുന്നു, ഇപ്പോള്‍ സ്ഥാനാര്‍ത്ഥികളോട് കൂടുതല്‍ നുണകള്‍ പറയണമെന്ന് നിങ്ങൾ പറയുന്നുവെന്നും ഖാർ​ഗെ കത്തിൽ വ്യക്തമാക്കുന്നു.

ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാകില്ല. തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടം കഴിഞ്ഞപ്പോള്‍ വോട്ടര്‍മാരുടെ എണ്ണംകുറഞ്ഞതില്‍ നിങ്ങള്‍ നിരാശയിലാണെന്ന് കത്തിലൂടെ വ്യക്തമായെന്നും നിങ്ങളുടെ നയത്തിലും പ്രചാരണത്തിലും ആളുകള്‍ ആകൃഷ്ടരല്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നു ഖാര്‍ഗെ തുറന്നടിച്ചു.

കൂടാതെ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍, അനിവാര്യമായ തോല്‍വി ഒഴിവാക്കാന്‍ നുണകള്‍ നിറഞ്ഞതും വിഭാഗീയത സൃഷ്ടിക്കുന്നതുമായ പ്രസംഗങ്ങളില്‍ മുഴുകിയ പ്രധാനമന്ത്രിയായി മാത്രമേ ആളുകള്‍ നിങ്ങളെ ഓര്‍ക്കുകയുള്ളൂവെന്നും ഖാര്‍ഗെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News