രാജ്യത്ത് വരാനിരിക്കുന്നത് കോണ്‍ഗ്രസിന്റെ നാളുകളാണെന്ന് കെ.സി വേണുഗോപാല്‍

Update: 2024-07-16 12:31 GMT

രാജ്യത്ത് വരാനിരിക്കുന്നത് കോൺഗ്രസിന്റെ നാളുകളാണെന്നും കോൺഗ്രസിന്റെ മോശം കാലം കഴിഞ്ഞുവെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സുൽത്താൻബത്തേരി സപ്ത റിസോർട്ടിൽ നടക്കുന്ന കെ.പി.സി.സി. ക്യാമ്പ് എക്‌സിക്യൂട്ടീവ് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസുകാരെല്ലാം നല്ലവരാണ്, പക്ഷേ തമ്മിലടി അവർ വിടുന്നില്ല എന്ന് പൊതുജനം പറയുന്ന സാഹചര്യത്തിലേക്ക് ഇനി മുന്നോട്ടുപോകാൻ കഴിയില്ല. കേരളത്തെ രക്ഷിക്കണം, 2026-ൽ യു.ഡി.എഫ്. സർക്കാർ, 2025-ൽ തദ്ദേശസ്ഥാപനങ്ങൾ പിടിച്ചടുക്കണം എന്ന ലക്ഷ്യത്തിനായാണ് ഇന്നിവിടെ കൂടിയതെന്നും വരാനിരിക്കുന്ന കോൺഗ്രസിന്റെ നല്ലനാളുകൾ കേരളത്തിലേക്കും വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി വിട്ടുപോയവരെ ജനങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൈകാര്യംചെയ്തു. ഏതുവിധേനയും രാജ്യത്തെ ജനാധിപത്യം നിലനിർത്തണം, ഭരണഘടനയെന്ന ആത്മാവിനെ തൊട്ടുകളിക്കാൻ ഒരു ശക്തിയേയും അനുവദിക്കാൻ പാടില്ല, മരണംവരെയായാലും ആ പോരാട്ടത്തിൽ ഒരിഞ്ച് പിന്നോട്ടുപോവില്ലെന്ന് കോൺഗ്രസ് നിശ്ചയദാർഢ്യത്തോടെ പ്രഖ്യാപിച്ചു. അതിന് കോൺഗ്രസ് ഒരുപാട് വിട്ടുവീഴ്ച ചെയ്തുവെന്നും കെ സി വേണു​ഗോപാൽ അവകാശപ്പെട്ടു.

അതേസമയം പ്രസംഗത്തിൽ മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി. പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തലയെ അദ്ദേഹം പ്രശംസിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ കോൺഗ്രസ് വിജയത്തിന് ഏറ്റവും നല്ല രീതിയിൽ ചുക്കാൻ പിടിച്ച് പ്രവർത്തിച്ച നേതാവാണ് ചെന്നിത്തലയെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ പരാമർശം.

Tags:    

Similar News