കെജിഎഫ് ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കേസ്; രാഹുൽ ഗാന്ധിക്ക് കോടതിയലക്ഷ്യ നോട്ടിസ്
ഭാരത് ജോഡോ യാത്രയുടെ വിഡിയോയിൽ കെജിഎഫ് 2 സിനിമയിലെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് കർണാടക ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടിസ് അയച്ചു. വിഡിയോ നീക്കം ചെയ്യണമെന്ന കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എംആർടി മ്യൂസിക് ആണു പരാതി നൽകിയത്.
എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്, പാർട്ടിയുടെ സമൂഹമാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനാട്ടെ എന്നിവർക്കും നോട്ടിസ് അയച്ചിട്ടുണ്ട്.
അനുമതിയില്ലാതെ ഗാനങ്ങൾ ഉപയോഗിച്ചതിനെതിരെ എംആർടി മ്യൂസിക് നൽകിയ പരാതിയിൽ കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടിന് ബെംഗളൂരു അഡീഷനൽ സിറ്റി സിവിൽ കോടതി താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ കോൺഗ്രസ് നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി, വിഡിയോകൾ നീക്കം ചെയ്യണമെന്ന ഉപാധിയോടെയാണു വിലക്ക് നീക്കിയത്.