ബിജെപി ദേശീയ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് ജെ പി നദ്ദ മാറുമെന്ന് സൂചന. അദ്ദേഹത്തിന് പകരം ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാൻ അദ്ധ്യക്ഷനായേക്കുമെന്നാണ് വിവരം. നദ്ദയെ രാജ്യസഭാ നേതാവാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. പുതിയ സർക്കാർ രൂപീകരണത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി എൻഡിഎ എംപിമാരുടെ യോഗത്തിന് മുന്നോടിയായി, ബിജെപി എംപിമാരുടെ യോഗം ഇന്ന് വൈകുന്നേരം ഡൽഹിയിൽ വച്ച് നടക്കും.
എൻഡിഎ സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പാക്കിയ നരേന്ദ്രമോദി എട്ടിന് വൈകുന്നേരം മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ദിവസം വൈകിട്ട് നാലിന് പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന എൻഡിഎ യോഗം അദ്ദേഹത്തെ നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നു.
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അയൽ രാജ്യങ്ങളിലെ രാഷ്ട്രതലവന്മാരെ ക്ഷണിച്ചിട്ടുണ്ട്. ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗയെയും, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെയും ചടങ്ങിലേക്ക് ക്ഷണിച്ചു. നരേന്ദ്രമോദിയുമായുളള ഫോൺ സംഭാഷണത്തിനിടെ ലഭിച്ച ക്ഷണം വിക്രമസിംഗേ സ്വീകരിച്ചതായാണ് വിവരം. ഭൂട്ടാൻ രാജാവുമായും നേപ്പാൾ,മൗറീഷ്യസ് രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരുമായും അദ്ദേഹം ഫോണിൽ സംസാരിച്ചിട്ടുണ്ട്. എന്നാൽ ഇവരെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചോ എന്ന് വ്യക്തമല്ല.
2014ൽ പാകിസ്ഥാൻ പ്രധാനമന്ത്രിയും മാലദ്വീപ് പ്രസിഡന്റുമടക്കം എല്ലാ രാഷ്ട്ര തലവന്മാരും നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു. 2019ലും അദ്ദേഹം രണ്ടാമതായി പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തപ്പോഴും അയൽ രാജ്യങ്ങളിൽ നിന്നടക്കം എട്ട് രാഷ്ട്രതലവന്മാരും പങ്കെടുത്തു.