ജമ്മു കശ്മീരിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് രാഹുൽ ഗാന്ധി

Update: 2024-09-04 12:30 GMT

ജമ്മു കശ്മീരിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇൻഡ്യ സഖ്യത്തി​ന്‍റെ പങ്കാളിത്തത്തോടെ ത​ന്‍റെ പാർട്ടി കേന്ദ്രഭരണ പ്രദേശത്തി​ന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകുകയും തെരഞ്ഞെടു​​പ്പോടെ ഇവിടെ ത​ന്‍റെ പാർട്ടിയുടെ സഖ്യ സർക്കാർ രൂപീകരിക്കാൻ പോകുകയാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന റംബാൻ ജില്ലയിലെ ബനിഹാൽ നിയമസഭാ മണ്ഡലത്തി​ന്‍റെ ഭാഗമായ സംഗൽദാനിൽ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ജമ്മു കശ്മീരി​ന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. എന്നാൽ ബി.ജെ.പി അതിന് തയ്യാറായില്ല. ബി.ജെപി ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഇവിടേക്ക് സംസ്ഥാന പദവി തിരിച്ചുകൊണ്ടുവരുന്നത് ഞങ്ങൾ ഉറപ്പാക്കും. അതിനായി ഇൻഡ്യാ സഖ്യത്തി​ന്‍റെ ബാനറിന് കീഴിൽ ഞങ്ങൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തും -കോൺഗ്രസ് നേതാവ് പറഞ്ഞു.

ഇന്ത്യയുടെ ആധുനിക ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്തിന് അതി​ന്‍റെ സംസ്ഥാന പദവി നഷ്ടമാകുന്നത്. നേരത്തെ കേന്ദ്രഭരണ പ്രദേശങ്ങൾ സംസ്ഥാനങ്ങളായി രൂപാന്തരപ്പെട്ടിരുന്നു. എന്നാൽ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. സംസ്ഥാന പദവി മാത്രമല്ല, തട്ടിയെടുക്കപ്പെട്ട ജനങ്ങളുടെ അവകാശങ്ങളും സമ്പത്തും തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സർക്കാർ ഒഴിവുകളും നികത്തുമെന്നും ഉദ്യോഗാർഥികളുടെ പ്രായം 40 വയസ്സ് വരെ നീട്ടുമെന്നും ദിവസ വേതനക്കാരെ ക്രമപ്പെടുത്തുമെന്നും കോൺഗ്രസ് ദേശീയ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    

Similar News