മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു; ഇന്റർനെറ്റ് സേവനങ്ങൾക്ക് താൽക്കാലിക വിലക്ക്

Update: 2024-09-10 13:02 GMT

സംഘർഷം രൂക്ഷമാകുകയും വിദ്യാർഥി പ്രക്ഷോഭം വ്യാപകമാകുകയും ചെയ്ത പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി വിലക്കിയതായി റിപ്പോർട്ട്. സെപ്റ്റംബർ 15 വരെ അഞ്ച് ദിവസത്തേക്ക് ഇന്‍റർനെറ്റ് വിലക്കിക്കൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയത്. മൊബൈൽ ഡേറ്റ സർവീസുകൾ, ലീസ് ലൈൻ, വി.എസ്.എ.ടി, ബ്രോഡ്ബാൻഡ്, വി.പി.എൻ സേവനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.

മണിപ്പൂർ മുൻ മുഖ്യമന്ത്രിയുടെ വീടിന് നേരെ ഡ്രോൺ ആക്രണമുണ്ടായതോടെയാണ് സംസ്ഥാനത്ത് വീണ്ടും സംഘർഷമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം നൂറുകണക്കിന് വിദ്യാർഥികളാണ് ക്യാമ്പസിലും ഇംഫാലിലെ തെരുവുകളിലും പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്. ആക്രമണത്തിനു പിന്നിലുള്ളവർക്കു നേരെ നടപടി വേണമെന്നും സംസ്ഥാനത്തെ ക്രമസമാധാനനില പുനഃസ്ഥാപിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുകയും ചെയ്തു.

ഇന്ന് പ്രക്ഷോഭകർ രാജ്ഭവനിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഡി.ജി.പിയെയും സർക്കാറിന്‍റെ സുരക്ഷാ ഉപദേശകനെയും നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ തൗബാലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡ്രോൺ ആക്രമണത്തിലും തുടർന്നുണ്ടായ സംഘർഷത്തിലുമായി 12 പേർക്കാണ് ജീവൻ നഷ്ടമായത്. സ്ഥിതിഗതികൾ വിലയിരുത്തി അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്രം തയാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മെയ്തെയ് - കുകി വിഭാഗങ്ങൾ തമ്മിൽ 2023 മേയിൽ ആരംഭിച്ച വംശീയകലാപത്തിൽ 200ലേറെ പേർ കൊല്ലപ്പെടുകയും അതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആയിരക്കണക്കിനു പേർക്ക് വീടുകൾ നഷ്ടമാവുകയും കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തു.

Tags:    

Similar News