രാജ്യത്തെ കിഴക്കന്‍, വടക്കുകിഴക്കന്‍ മേഖലയിലെ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നീക്കവുമായി ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ. നിരവധി പുതിയ വിമാന സര്‍വീസുകളും മറ്റ് പ്രഖ്യാപനങ്ങളും നടത്തിയിരിക്കുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ നിന്ന് ബാങ്കോക്കിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കും. നവംബര്‍ 24 മുതല്‍ ചൊവ്വ, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പുതിയ സര്‍വിസുകള്‍ പ്രവര്‍ത്തിക്കുമെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ബാങ്കോക്കിലേക്ക് ആഴ്ചയിലുള്ള സര്‍വീസുകളുടെ എണ്ണം 11 ആയി ഉയരും. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിക്കും ദിമാപൂരിനുമിടയില്‍ പുതിയ നേരിട്ടുള്ള വിമാനങ്ങളും ദിവസവും സര്‍വിസ് നടത്തുന്ന ഗുവാഹത്തിക്കും അഹമ്മദാബാദിനും ഇടയില്‍ ഡിസംബര്‍ 10 മുതല്‍ സര്‍വിസ് പുനഃരാരംഭിക്കുമെന്നും ഇന്‍ഡിഗോ പ്രഖ്യാപിച്ചു. അഗര്‍ത്തലയെയും ദിബ്രുഗഡിനെയും ബന്ധിപ്പിക്കുന്ന ആദ്യ നേരിട്ടുള്ള വിമാന സര്‍വിസുകള്‍ ഒക്ടോബര്‍ 29 മുതല്‍ ആരംഭിച്ചിരുന്നു.
നിലവിലുള്ള ശൈത്യകാല ഷെഡ്യൂളിന്റെ ഭാഗമായി ഒന്നിലധികം പുതിയ റൂട്ടുകള്‍ പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അതോടൊപ്പം, ഈ വിമാനങ്ങള്‍ പ്രാദേശിക കണക്റ്റിവിറ്റിയെ കൂടുതല്‍ ശക്തിപ്പെടുത്തും. സാമ്പത്തിക വളര്‍ച്ച, ടൂറിസം, സാംസ്‌കാരിക വിനിമയം എന്നിവ സുഗമമാക്കുമെന്നും ഇന്‍ഡിഗോ പ്രസ്താവനയില്‍ പറയുന്നു.
ഇതുവഴി ആഭ്യന്തര കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുകയും ബിസിനസ്, അവധിക്കാല യാത്രക്കാര്‍ക്ക് കിഴക്ക്-വടക്കുകിഴക്കന്‍ ഇന്ത്യയിലുടനീളമുള്ള ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ഓപ്ഷനുകള്‍ നല്‍കുകയും ലക്ഷ്യമിട്ടാണ് പുതിയ സര്‍വിസുകള്‍.