അയൽ രാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താൻ ഇന്ത്യ ആഗ്രഹിക്കുന്നു: രാജ്‌നാഥ് സിങ്
ഇന്ത്യയും ചൈനയും തമ്മിലുള്ള ചർച്ചകൾ സുഗമമായും നല്ല അന്തരീക്ഷത്തിലുമാണ് നടക്കുന്നതെന്നും ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി അഹമ്മദാബാദിലെത്തിയതായിരുന്നു സിങ്.
'ഇന്ത്യ ഇപ്പോൾ ഒരു ദുർബല രാജ്യമല്ല. സൈനിക മേഖലയിലും ഇന്ത്യ ശക്തമായ രാജ്യമായി മാറി. നമ്മുടെ അയൽരാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താൻ നമ്മൾ ആഗ്രഹിക്കുന്നു.' ചൈനീസ് ആക്രമണത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണത്തിനുള്ള മറുപടിയായിരുന്നു മന്ത്രിയുടേത്.
'ചർച്ചകളുടെ ഫലത്തിനായി നമ്മൾ കാത്തിരിക്കണം. ഇന്ത്യ ഒരിടത്തും തലകുനിച്ചിട്ടില്ല, ഇനി ഒരിക്കലും തലകുനിക്കുകയുമില്ല എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു'. അദ്ദേഹം കൂട്ടിച്ചേർത്തു. '2014ൽ നമ്മൾ 600 കോടി രൂപയുടെ പ്രതിരോധ വസ്തുക്കൾ കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അത് 21,000 കോടി രൂപ കടന്നിരിക്കുന്നു. അത് വർദ്ധിക്കാൻ പോകുകയാണെന്ന് എനിക്ക് പറയാൻ കഴിയും.' അദ്ദേഹം പറഞ്ഞു.
മിസൈലുകൾ, ബോംബുകൾ, ടാങ്കുകൾ, പ്രതിരോധ വസ്തുക്കൾ, മറ്റ് ആയുധങ്ങൾ തുടങ്ങിയവ രാജ്യത്തിനകത്ത് ഇന്ത്യക്കാർ തന്നെ നിർമ്മിക്കുന്നതാണെന്ന് ഉറപ്പാക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തിൽ 21,000 കോടി രൂപ കടന്ന ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഇനിയും ഉയരുമെന്നും സിങ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.