'അകലം പാലിക്കുക എന്ന ഇന്ത്യയുടെ നയം ഇന്ന് മാറി'; എല്ലാ രാജ്യങ്ങളോടും അടുത്ത ബന്ധം പുലർത്തുന്നെന്ന് നരേന്ദ്ര മോദി

Update: 2024-08-22 05:27 GMT

എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധം പുലർത്തുകയെന്നതാണ് ഇന്നത്തെ ഇന്ത്യയുടെ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പോളണ്ടിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവേയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. അകലം പാലിക്കുക എന്ന പതിറ്റാണ്ടുകളായുള്ള ഇന്ത്യയുടെ നയത്തിൽ വലിയ മാറ്റം കൊണ്ടുവരാനായെന്ന് അദ്ദേഹം പറഞ്ഞു.

'എല്ലാ രാജ്യങ്ങളോടും അകലം പാലിക്കുക എന്നതായിരുന്നു പതിറ്റാണ്ടുകളായി ഇന്ത്യയുടെ നയം. ഇന്ന് ആ സാഹചര്യം മാറി. ഇന്ന് എല്ലാവരുമായും ബന്ധം പുലർത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇന്നത്തെ ഇന്ത്യ എല്ലാവരെക്കുറിച്ചും എല്ലാവരുടെയും നന്മയെക്കുറിച്ചും ചിന്തിക്കുന്നു. ഇന്ന് 'വിശ്വബന്ധു' എന്ന നിലയ്ക്കാണ് ഇന്ത്യയെ ലോകം ബഹുമാനിക്കുന്നത്.' കോൺഗ്രസ് സർക്കാരുകളുടെ ചേരിചേരാ നയത്തെ പരോക്ഷമായി വിമർശിച്ച് മോദി പറഞ്ഞു.

ഒട്ടേറെ 'ആദ്യ' സംഭവങ്ങൾ കൊണ്ടുവരാനായത് തന്റെ ഭാഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 45 വർഷത്തിനിടെ പോളണ്ട് സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയെന്നത് നാട്ടിൽ വലിയ വാർത്തയായിട്ടുണ്ട്. ഓസ്ട്രിയയിലേക്ക് അടുത്തിടെ നടത്തിയ സന്ദർശനവും 40 വർഷത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമായിരുന്നു. വിദേശനയത്തിലുണ്ടായ 180 ഡിഗ്രി മാറ്റമാണ് ഇത്തരം 'ആദ്യ'ങ്ങൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി ഇന്ന് പോളണ്ട് സന്ദർശനം പൂർത്തിയാക്കി ട്രെയിൻ മാർഗം മോദി യുക്രെയ്നിലേക്കു പോകും.

Tags:    

Similar News