ശസ്ത്രക്രിയയ്ക്കു ശേഷം ഉദരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തില്‍ ഒടുവിൽ യുവതിക്കു നീതി. 2004ൽ നടന്ന സംഭവത്തിൽ, 20 വര്‍ഷത്തിനു ശേഷമാണു യുവതിക്കു നഷ്ടപരിഹാരം ലഭിക്കുന്നത്. അഞ്ചു ലക്ഷം രൂപയാണു കോടതി നഷ്ടപരിഹാരം വിധിച്ചത്.
ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി യുവതിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഉത്തരവ്. അശ്രദ്ധമായി സര്‍ജറി നടത്തിയ ഡോക്ടര്‍മാര്‍ യുവതിക്ക് അന്‍പതിനായിരം രൂപയും നല്‍കണം.
ബംഗളൂരു സ്വദേശിനി പത്മാവതിക്കാണു ദാരുണാനുഭവമുണ്ടായത്. 2004 സെപ്തംബര്‍ 29നാണ് അന്നു 32കാരിയായ പത്മാവതി ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കു വിധേയയായത്. രണ്ടു ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരുന്നു ശസ്ത്രക്രിയ.
ശസ്ത്രക്രിയയ്ക്കു ശേഷവും അതികഠിനമായ വയറുവേദനയെത്തുടര്‍ന്ന് യുവതി ഇതേ ഡോക്ടര്‍മാരെ സമീപിച്ചപ്പോള്‍ അത് ശസ്ത്രക്രിയയുടെ ഭാഗമായാണെന്നും വൈകാതെ മാറുമെന്നും പറഞ്ഞു. വേദനസംഹാരികൾ നല്കിയ ശേഷം പറഞ്ഞയക്കുകയും ചെയ്തു.
രോഗം കലശലായതിനെത്തുടർന്ന് 2010ൽ മറ്റൊരു ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് ഉദരത്തിൽ സർജിക്കൽ സൂചി കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. 3.2 സെന്റിമീറ്റര്‍ നീളമുള്ള സര്‍ജിക്കല്‍ സൂചിയാണ് ശസ്ത്രക്രിയയിലുടെ പുറത്തെടുത്തത്.
ഇതിനു പിന്നാലെ യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. സൂചി നീക്കുന്നതുവരെ, യുവതി വര്‍ഷങ്ങളോളം കടുത്ത വേദനയാണ് അനുഭവിക്കേണ്ടി വന്നതെന്ന് കോടതി ഉത്തരവില്‍ പറയുന്നു.