ഹിൻഡൻബർഗ് റിപ്പോർട്ട് ; കുറ്റാരോപിതയായ സെബി ചെയർപേഴ്സൺ രാജി വയ്ക്കണം , രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്

Update: 2024-08-13 09:45 GMT

ഹിൻഡൻബർഗ് റിപ്പോർട്ടിൽ കുറ്റാരോപിതയായ സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച് രാജിവെക്കണമെന്ന് കോൺഗ്രസ്. ഈ ആവശ്യം ഉന്നയിച്ചും ഹിൻഡൻബ‍ർഗ് റിപ്പോർട്ടിന് മേൽ അന്വേഷണം ആവശ്യപ്പെട്ടും രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഈ മാസം 22 ന് നടക്കുന്ന പ്രക്ഷോഭത്തിൽ എല്ലാ സംസ്ഥാനങ്ങളിലും ഇഡി ഓഫീസുകൾ ഘെരാവോ ചെയ്യും. ഹിൻഡൻബർഗ് റിപ്പോർട്ടിൽ സംയുക്ത പാർലമെൻ്ററി സമിതി അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ബംഗ്ലാദേശിലെ മത ന്യൂനപക്ഷങ്ങൾക്ക് സമാധാനമായി ജീവിക്കാൻ അവസരം ഒരുക്കണമെന്നും എഐസിസി യോഗത്തിന് ശേഷം അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് ദരിദ്രരും മധ്യ വ‍ർഗവും വഞ്ചിക്കപ്പെട്ടുവെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖ‍ർഗെ സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ വിമ‍ർശിച്ചു. ഭരണഘടനയ്ക്ക് മേലുള്ള ആക്രമണം തുടരുകയാണെന്നും ജാതി സെൻസസ് നടപ്പാക്കണമെന്നത് ജനങ്ങളുടെ താത്പര്യമാണെന്നും പറഞ്ഞ അദ്ദേഹം, അഗ്നിപഥ് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ കോൺഗ്രസ് പോരാട്ടം തുടരും. റെയിൽ അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥ വ്യതിയാനം എന്നിവയും യോഗത്തിൽ ചർച്ചയായി. രാജ്യം നേരിടുന്ന പ്രശ്നങ്ങളെ മുൻനിർത്തി ദേശീയ തലത്തിൽ പ്രചാരണം തുടങ്ങുമെന്ന് ഖർഗേ കുറിപ്പിൽ വ്യക്തമാക്കി.

Tags:    

Similar News