'രണ്ട് മിനിറ്റ് നേരത്തെ സുഖത്തിന് വേണ്ടി വഴങ്ങുന്നതിന് പകരം അവരുടെ ലൈംഗിക പ്രേരണകളെ നിയന്ത്രിക്കണം': ഹൈക്കോടതി

Update: 2023-10-20 08:09 GMT

കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ അവരുടെ ലൈംഗിക പ്രേരണകളെ നിയന്ത്രിക്കുകയും കൗമാരപ്രായക്കാരായ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ ബഹുമാനിക്കുകയും വേണമെന്ന് ഹൈക്കോടതി.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവരുടെ ലൈംഗിക പ്രേരണകള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

കഴിഞ്ഞ വര്‍ഷം പോക്‌സോ കേസില്‍ 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട യുവാവ് തന്നെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പ്രതികരണം. 18 വയസ് തികയാത്ത കാമുകിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് യുവാവിനെ തടവിന് ശിക്ഷിച്ചത്.

'രണ്ട് മിനിറ്റ് നേരത്തെ സുഖത്തിന് വേണ്ടി വഴങ്ങുന്നതിന് പകരം അവരുടെ ലൈംഗിക പ്രേരണകളെ നിയന്ത്രിക്കണം'- ജസ്റ്റിസ് രഞ്ജൻ ദാസ്, പാര്‍ത്ഥ സാരഥി എന്നിവരുടെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൗമാരക്കാരായ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും ബഹുമാനിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.

ശാരീരിക സമഗ്രത, അന്തസ്സ്, ആത്മാഭിമാനം എന്നിവ സംരക്ഷിക്കുക, അവരുടെ ലൈംഗിക പ്രേരണകളെ നിയന്ത്രിക്കുക എന്നിവ സ്ത്രീകളുടെ കടമയാണെന്നും കോടതി എടുത്തു പറഞ്ഞു. മേല്‍പ്പറഞ്ഞ സ്ത്രീയുടെ കടമകളെ ബഹുമാനിക്കുകയാണ് ആണ്‍കുട്ടികള്‍ ചെയ്യേണ്ടത്. സ്ത്രീയുടെ അന്തസിനെയും സ്വകാര്യതയെയും ശരീരത്തെയും ബഹുമാനിക്കാൻ ആണ്‍കുട്ടികള്‍ മനസിനെ പഠിപ്പിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.


Tags:    

Similar News