ഹരിയാനയിലെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച

Update: 2024-10-12 07:10 GMT

ഹരിയാന മുഖ്യമന്ത്രിയായി നായബ് സൈനിയുടെ സത്യപ്രതിജ്ഞ ഒക്ടോബര്‍ പതിനേഴിന്. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, മുതിര്‍ന്ന ബിജെപി നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും. നേരത്തെ പതിനഞ്ചിന് സത്യപ്രതിജ്ഞ എന്നാണ് അറിയിച്ചതെങ്കിലും പ്രധാനമന്ത്രിയുടെ സൗകാര്യര്‍ഥം പതിനേഴിലേക്ക് മാറ്റുകയായിരുന്നു. പഞ്ച്കുളയിലെ പരേഡ് ഗ്രൗണ്ടില്‍ രാവിലെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. തെരഞ്ഞെടുപ്പില്‍ 48 സീറ്റുകള്‍ നേടി ഹരിയാനയില്‍ ഹാട്രിക് വിജയമാണ് ബിജെപി നേടിയത്. വിജയത്തിന് പിന്നാലെ, ഡല്‍ഹിയിലെത്തി സൈനി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുതിര്‍ന്ന ബിജെപി നേതാക്കളെയും കണ്ടിരുന്നു.

ഹരിയാനയിലെ പത്തവര്‍ഷത്തെ ഭരണവിരുദ്ധ വികാരം മറികടക്കാന്‍ സൈനിയുടെ വരവോടെ കഴിഞ്ഞെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. 90 അംഗസഭയില്‍ 48 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് 37 സീറ്റുകളാണ് ലഭിച്ചത്. ഐഎന്‍എല്‍ജിക്ക് രണ്ട് സീറ്റുകള്‍ ലഭിച്ചു. ജയിച്ച മൂന്ന് സ്വതന്ത്രര്‍ ബിജെപിക്ക് പിന്തുണ നല്‍കി. അതേസമയം ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിക്കും അരവിന്ദ് കെജരിവാളിന്റെ ആം ആദ്മിക്കും ഒരു സീറ്റുപോലും ലഭിച്ചില്ല. കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായി ഭിവാനിയില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ഥിയും പരാജയപ്പെട്ടു. തിങ്കളാഴ്ച ചേരുന്ന ബിജെപിയുടെ നിയമസഭാ കക്ഷിയോഗം പുതിയ നേതാവിനെ തെരഞ്ഞെടുക്കും. ഇക്കൊല്ലം മാര്‍ച്ചിലാണു മനോഹര്‍ ലാല്‍ ഖട്ടറിനെ മാറ്റി, ബിജെപി നായബ് സിങ് സൈനിയെ മുഖ്യമന്ത്രിയാക്കിയത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ചെറുതല്ലാത്ത ചലനമുണ്ടാക്കാന്‍ സൈനിക്കു കഴിഞ്ഞു. മത്സരിച്ച പത്ത് മന്ത്രിമാരില്‍ എട്ടുപേരും പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഖി മേവാ സിങ്ങിനെ 16,054 വോട്ടുകള്‍ക്കാണ് സൈനി പരാജയപ്പെടുത്തിയത്.തന്റെ 56 ദിവസത്തെ ഭരണത്തില്‍ കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ ഹൂഡ മുഖ്യമന്ത്രിയായിരുന്ന 10 വര്‍ഷം കൊണ്ട് ചെയ്തത് താന്‍ നടത്തിയെന്ന് സൈനി അവകാശപ്പെട്ടു.

56 ദിവസത്തിനുള്ളില്‍ ഹരിയാനയുടെ വികസനത്തിനായി 126 ചരിത്രപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടതായും സൈനി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞിരുന്നു. നിയമബിരുദധാരിയായ സൈനി, പാര്‍ട്ടി ആസ്ഥാനത്തു കംപ്യൂട്ടര്‍ ഓപ്പറേറ്ററായാണു തുടങ്ങിയത്. 2002ലും 2005ലും യുവമോര്‍ച്ച അംബാല ജില്ലാ പ്രസിഡന്റായി. 2009 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റു. 2014 ല്‍ നാരായണ്‍ഗഢില്‍ നിന്ന് നിയമസഭാംഗമായി. 2015 മുതല്‍ 2019 വരെ ഖട്ടര്‍ മന്ത്രിസഭയില്‍ മന്ത്രിയായി. 2019 ല്‍ കുരുക്ഷേത്രയില്‍ നിന്നു ലോക്സഭയിലേക്കു ജയം. 2023 ല്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് ആയി. ഖട്ടാറിന്റെ അടുത്ത വിശ്വസ്തന്‍ കൂടിയാണ് സൈനി.

Tags:    

Similar News