ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട പരാജയത്തെ കുറിച്ച് വിലയിരുത്താൻ വിളിച്ചു ചേർത്ത യോഗത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ നേതാക്കളുടെ താൽപര്യം ഒന്നാമതും പാർട്ടി താൽപര്യം രണ്ടാമതായെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. 2014നു ശേഷം ഹരിയാനയിൽ കോൺഗ്രസിന്റെ മൂന്നാമത്തെ തോൽവിയാണെന്ന് രാഹുൽ നേതാക്കളെ ഓർമപ്പെടുത്തി. യോഗത്തിനു ശേഷം പതിവിനു വിപരീതമായി രാഹുൽ കോൺഗ്രസ് ആസ്ഥാനത്തെത്തി പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
അതേസമയം തോൽവിയുടെ കാരണം കണ്ടെത്താൻ വസ്തുതാന്വേഷണ സമിതിയെ നിയോഗിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ മുതിർന്ന നേതാക്കളായ അശോക് ഗെഹ്ലോട്, അജയ് മാക്കൻ, കെ.സി വേണുഗോപാൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. എന്നാൽ ഹരിയാനയിലെ കോൺഗ്രസ് നേതാക്കളായ ഭൂപീന്ദർ ഹൂഡ, കുമാരി സെൽജ, രൺദീപ് സുർജേവാല, അജയ് യാദവ്, ഉദയ് ബഹൻ എന്നിവരെ യോഗത്തിൽ പങ്കെടുപ്പിച്ചില്ല. ഇവരുമായി കേന്ദ്രനേതൃത്വം ഉടൻ ചർച്ച നടത്തുമെന്നാണ് സൂചന. അതേസമയം യോഗത്തിൽ ഇ.വി.എമ്മിനെ കുറിച്ചുള്ള പരാതികൾ കെ.സി. വേണുഗോപാൽ ഉയർത്തിക്കാട്ടി.