ലൈംഗികാരോപണ കേസ്; ജെഡിഎസ് നേതാവും മുൻ മന്ത്രിയുമായ എച്ച് ഡി രേവണ്ണയുടെ ജുഡിഷ്യൽ കസ്റ്റഡി 14 വരെ നീട്ടി

Update: 2024-05-08 12:26 GMT

ഹാസനിലെ വിവാദമായ ലൈംഗിക വിഡിയോ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെഡിഎസ് നേതാവും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ ജുഡിഷ്യൽ കസ്റ്റഡി നീട്ടി. ഈ മാസം 14 വരെയാണ് നീട്ടിയിരിക്കുന്നത്. വീട്ടുജോലിക്കാരിയുടെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേയ് നാലിനാണ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റു ചെയ്തത്. ജോലിക്കാരിയായ സ്ത്രീയെ സ്വദേശമായ മൈസൂരുവിൽ നിന്ന് രേവണ്ണയുടെ സഹായി സതീഷ് ബാബണ്ണ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി.

ഏപ്രിൽ 29നാണ് ബാബണ്ണ ജോലിക്കാരിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് അഞ്ച് ദിവസത്തിനു ശേഷം രേവണ്ണയുടെ പേഴ്സനൽ അസിസ്റ്റന്റായ രാജ്ശേഖറിന്റെ ഫാംഹൗസിലാണ് ഇവരെ കണ്ടെത്തിയത്. പിന്നാലെ പരാതി നൽകുകയും എസ് ഐ ടി അറസ്റ്റു ചെയ്യുകയുമായിരുന്നു.

60കാരിയായ സ്ത്രീ, രേവണ്ണയുടെ മകനും ഹാസൻ എം പിയുമായ പ്രജ്വൽ തനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നും ആരോപിച്ചിരുന്നു. തുടർന്ന് ഏപ്രിൽ 26ന് ഹാസനിൽ വോട്ടെടുപ്പ് നടന്നതിനു പിന്നാലെ രാജ്യംവിട്ട പ്രജ്വലിനെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഹാസൻ ഉൾപ്പെടെ സംസ്ഥാനത്തെ 14 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു എൻഡിഎ സ്ഥാനാർഥിയായ പ്രജ്വലിന്റെ മൂവായിരത്തോളം അശ്ലീല വിഡിയോകൾ മണ്ഡലത്തിൽ പ്രചരിച്ചത്. 

Tags:    

Similar News