പ്രതിസന്ധി രൂക്ഷമായതോടെ ആഭ്യന്തര വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് എയർലൈൻസ് മേയ് 15 വരെ ടിക്കറ്റ് വിൽപ്പന നിർത്തിയതായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡിജിസിഎ) അറിയിച്ചു. പാപ്പരത്ത നടപടിക്കായി ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന് (എൻ.സി.എൽ.ടി.) അപേക്ഷ നൽകിയതിന് പിന്നാലെ ഡി.ജി.സി.എയുടെ കാരണംകാണിക്കൽ നോട്ടീസിനുള്ള മറുപടിയിലാണ് ഗോ ഫസ്റ്റ് ഇക്കാര്യം അറിയിച്ചത്.
കമ്പനിയുടെ അപേക്ഷയിൻമേൽ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന്റെ തീരുമാനം അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നാണ് ഗോ ഫസ്റ്റ് അറിയിച്ചതെന്ന് ഡിജിസിഎ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ചട്ടത്തിൽ പറയുന്ന സമയപരിധിക്കുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ പണവും തിരിച്ചുനൽകണമെന്നും ഡിജിസിഎ ഉത്തരവിട്ടിട്ടുണ്ട്.
അതിനിടെ, മേയ് ഒമ്പത് വരെ എല്ലാ വിമാന സർവീസുകളും സസ്പെൻഡ് ചെയ്തതായി ഗോ ഫസ്റ്റ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു. സർവീസുകളുടെ നടത്തിപ്പ് സാധ്യമാകാത്ത സാഹചര്യത്തിലാണ് നടപടിയെന്നും യാത്രയ്ക്ക് തടസം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. നേരത്തെ മേയ് മൂന്ന് മുതൽ മൂന്ന് ദിവസത്തേക്ക് സർവീസ് റദ്ദാക്കുന്നുവെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്.
വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് പാപ്പരത്തനടപടിക്കായി കഴിഞ്ഞ ദിവസമാണ് അപേക്ഷ നൽകിയിരുന്നത്. തകരാറിലായവയ്ക്ക് പകരമുള്ള എൻജിനുകൾ അമേരിക്കൻ എൻജിൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നി ലഭ്യമാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഗോ ഫസ്റ്റ് പറയുന്നത്. പാപ്പരത്തനടപടിക്ക് അപേക്ഷ നൽകിയത് കമ്പനി വിൽക്കാൻ ഉദ്ദേശിച്ചല്ലെന്നും ബാങ്കുകൾ ഏറ്റെടുക്കുന്നത് ഒഴിവാക്കാനും ആയിരക്കണക്കിനുപേരുടെ തൊഴിൽ സംരക്ഷിക്കാനുമാണ് നടപടിയെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.