കുടിവെള്ളത്തിൽ വിഷം കലക്കിയെന്ന പ്രസ്താവന; ബിജെപി പരാതി നൽകി: കേജ്‌‍രിവാളിനോട് തെളിവ് ചോദിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ

Update: 2025-01-29 02:34 GMT

കുടിവെള്ളത്തിൽ ബി ജെ പി വിഷം കലക്കിയെന്ന പ്രസ്താവനയിൽ ഡൽഹി മുൻ മുഖ്യമന്ത്രിയും എ എ പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെതിരെ ബി ജെ പി പരാതി നൽകി. കെജ്രിവാളിനെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിലക്കണം എന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ബി ജെ പി പരാതി നൽകിയത്.

കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ഭൂപേന്ദർ യാദവ്, ഹരിയാന മുഖ്യമന്ത്രി നായബ് സിം​ഗ് സൈനി എന്നിവർ ഒരുമിച്ചെത്തിയാണ് പരാതി നൽകിയത്. ഡൽഹിയിലേക്കുള്ള കുടിവെള്ളത്തിൽ ബി ജെ പി നേതൃത്വം നൽകുന്ന ഹരിയാന സർക്കാർ വിഷം ചേർക്കുന്നുവെന്ന പ്രസ്താവനയിലാണ് ​കെജ്രിവാളിനെതിരെ പരാതി ഉയർന്നിരിക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിക്കെതിരെ  ഡൽഹി മുഖ്യമന്ത്രിയായി ഇരുന്ന ഒരാൾ ഇത്തരം പ്രസ്താവന നടത്തുന്നത് അംഗീകരിക്കാൻ ആവില്ല എന്ന് പരാതി നൽകിയ ശേഷം പുറത്തിറങ്ങിയ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് പ്രതികരിച്ചു. ഇത് ജനാധിപത്യത്തിന് നല്ലതല്ല എന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ അഭിപ്രായപ്പെട്ടത്. ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സൈനിയും കെജ്രിവാളിനെതിരെ വിമർശനമുന്നയിച്ചു.

അതേസമയം യമുന നദിയിൽ ഹരിയാന സർക്കാർ വിഷം കലർത്തുന്നുവെന്ന ആരോപണത്തിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിനോടു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരണം ചോദിച്ചു. ആരോപണം തെളിയിക്കാനുള്ള വിവരങ്ങൾ ബുധനാഴ്ച വൈകിട്ട് 8 മണിക്കുള്ളിൽ നൽകണമെന്നു കമ്മിഷൻ ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങൾക്കിടയിൽ ശത്രുത പടർത്തുന്ന ഗുരുതര ആരോപണമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. വ്യാജ ആരോപണങ്ങൾ ഉയർത്തി ജനങ്ങളെ ആശങ്കപ്പെടുത്തുന്ന കേജ്‌രിവാളിനെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽനിന്നു വിലക്കണമെന്നാവശ്യപ്പെട്ടു ബിജെപി പരാതി നൽകിയതിനെ തുടർന്നാണു കമ്മിഷന്റെ നടപടി.

Tags:    

Similar News