ഡൽഹിയിൽ മുൻ കോൺഗ്രസ് എംഎൽഎ പാർട്ടി വിട്ട് എഎപിയിൽ ചേർന്നു ; എഎപിയുടെ നീക്കങ്ങൾ കോൺഗ്രസിന് തലവേദന
ഡൽഹിയിൽ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തി അധികാരത്തിലേറാൻ ഡൽഹി ന്യായ് യാത്രയടക്കം വൻ ക്യാമ്പയിനുമായി കോൺഗ്രസ് രംഗത്തുണ്ടെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ(എഎപി) നീക്കങ്ങൾ വെല്ലുവിളിയാകുന്നു. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നുമായി നാല് പ്രമുഖ നേതാക്കളാണ് അടുത്തിടെ എഎപിയിൽ ചേർന്നത്.
ഈ പ്രമുഖരുടെ വരവ് എഎപി ക്യാമ്പിന് നൽകുന്ന ആശ്വാസം ചില്ലറയല്ല. എന്നാൽ കോൺഗ്രസിനും ബിജെപിക്കും ആകട്ടെ തലവേദനയും. നേതാക്കളുടെ വരവ് ഈ നാലിൽ മാത്രം നിൽക്കില്ലെന്നും ഇനിയും പ്രമുഖരെത്തുമെന്നും എഎപി നേതാക്കൾ വ്യക്തമാക്കുന്നു. കോൺഗ്രസിൽ നിന്നാണ് ഏറ്റവും കൂടുതൽ വരുന്നത്.
അതേസമയം വരുന്ന എല്ലാവരെയും സ്വീകരിക്കുന്നില്ലെന്നും ഏകദേശം 70ഓളം നേതാക്കളുടെ പ്രവേശനം തടഞ്ഞെന്നും എഎപി വൃത്തങ്ങളെ ഉദ്ധരിച്ച് 'ദ ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു.
മുതിർന്ന കോൺഗ്രസ് നേതാവും അഞ്ച് തവണ എംഎൽഎയുമായ ചൗധരി മതീൻ അഹമ്മദ് ആണ് ഏറ്റവും ഒടുവിലായി കോൺഗ്രസിൽ നിന്നും എഎപി ക്യാമ്പിലെത്തിയ പ്രമുഖൻ. വടക്കുകിഴക്കൻ ഡൽഹിയിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോയപ്പോൾ രാഹുൽ ഗാന്ധിക്ക് പ്രഭാത ഭക്ഷണ പാർട്ടിയൊരുക്കിയത് മതീൻ അഹമ്മദ് ആയിരുന്നു.
അദ്ദേഹത്തിന്റെ മകൻ സുബൈറും മരുമകള്‍ ഷഗുഫ്തയും എഎപിയിലെത്തി. കോൺഗ്രസിന്റെ ബാബർപൂർ ജില്ലാ പ്രസിഡന്റായിരുന്നു സുബൈർ. ഷഗുഫ്ത, സിറ്റിങ് കൗൺസിലറും. ലക്ഷ്മി നഗറിൽ നിന്ന് രണ്ട് തവണ ബിജെപി എംഎൽഎയായ ബി.ബി ത്യാഗിയും മറ്റൊരു മുൻ ബിജെപി എംഎൽഎ ബ്രഹ്മ സിങ് തൻവാറുമാണ് എഎപിയിലെത്തിയ മറ്റു പ്രമുഖര്‍. നവംബര്‍ ആദ്യമാണ് ഈ മുൻ ബിജെപി നേതാക്കൾ എഎപിയിൽ ചേർന്നത്.