വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തകരാറായ സംഭവം; പോത്തുകളുടെ ഉടമകൾക്കെതിരെ കേസെടുത്ത് ആർപിഎഫ്

Update: 2022-10-08 01:04 GMT

കന്നുകാലികളെ ഇടിച്ചതിലാൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തകരാറായ സംഭവത്തിൽ പോത്തുകളുടെ ഉടമകൾക്കെതിരെ കേസെടുത്ത് ആർപിഎഫ്. റെയിൽവേ ആക്ട് സെഷൻ 147 പ്രകാരമാണ് കേസ്. വ്യാഴാഴ്ച രാവിലെ 11.15ന് ആയിരുന്നു സംഭവം. മുംബൈയില്‍നിന്ന് ഗാന്ധിനഗറിലേക്കു പോയ ട്രെയിൻ അഹമ്മദാബാദ് സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് ട്രാക്കിൽ ഉണ്ടായിരുന്ന കന്നുകാലികളെ ഇടിച്ചത്.

ഇടിയിൽ ട്രെയിനിന് തകരാർ സംഭവിക്കുകയും നാല് പോത്തുകൾ ചാവുകയും ചെയ്തു. വെള്ളിയാഴ്ചയും ട്രെയിൻ പശുവിനെ ഇടിച്ചിരുന്നു. അതേസമയം, ട്രെയിനിനു മുന്നിലെ ഫൈബർ കവചമാണ് തകർന്നതെന്നും യന്ത്രഭാഗങ്ങള്‍ക്ക് തകരാർ സംഭവിച്ചിട്ടില്ലെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും കിഴക്കൻ റെയിൽവേ പിആർ ഓഫിസർ സുമിത് ഠാക്കുർ പറഞ്ഞു. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ പോകുന്ന ട്രെയിനാണ് വന്ദേഭാരത്. അതിവേഗവണ്ടികള്‍ പോകുന്ന പാളങ്ങളിലേക്ക് മൃഗങ്ങള്‍ കടക്കാതിരിക്കാന്‍ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    

Similar News