രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകർ ജയ ബച്ചനെ അധിക്ഷേപിച്ചെന്ന് ആരോപണം; ഇംപീച്ച്മെന്‍റ് പ്രമേയത്തിന് പ്രതിപക്ഷനീക്കം

Update: 2024-08-09 10:59 GMT

രാജ്യസഭാ ചെയർമാൻ ജഗദീപ് ധൻകറും അഭിനേത്രിയും രാഷ്ട്രീയ നേതാവുമായ ജയ ബച്ചനും തമ്മിൽ രാജ്യസഭയിൽ തർക്കം. സഭയിൽ സംസാരിക്കാൻ ക്ഷണിക്കുന്നതിനിടെ ഉപരാഷ്ട്രപതി ജയ ബച്ചനെ 'ജയ അമിതാഭ് ബച്ചൻ' എന്ന് വിശേഷിപ്പിച്ചതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്. ജഗദീപ് ധന്കർ സ്വീകാര്യമല്ലാത്ത സ്വരത്തിൽ സംസാരിച്ചുവെന്നാണ് ജയ ബച്ചൻ ഉന്നയിക്കുന്ന ആരോപണം. ഇതിനെ തുടർന്ന് പ്രതിപക്ഷ എംപിമാർ സഭയിൽ നിന്നും ഇറങ്ങിപ്പോയി. ഇതിന് പിന്നാലെ രാജ്യസഭ ചെയർമാൻ ജഗദീപ് ധൻകറിനെതിരെ ഇമ്പീച്ച്മെൻ്റ് പ്രമേയം കൊണ്ടുവരാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം എന്നാണ് പുറത്തു വരുന്ന വിവരം. ജഗദീപ് ധൻകർ ജയ ബച്ചനെ അധിക്ഷേപിച്ചെന്നാണ് ഉന്നയിക്കുന്ന ആരോപണം.

"ഞാനൊരു കലാകാരിയാണ്. ഒരാളുടെ ശരീരഭാഷയും ഭാവങ്ങളും എനിക്ക് മനസ്സിലാകും. ജഗദീപ് ധൻകർ തന്നോട് സ്വീകാര്യമല്ലാത്ത സ്വരത്തിലാണ് സംസാരിച്ചത്. അദ്ദേഹം എൻ്റെ സഹപ്രവർത്തകനാണ്. പക്ഷേ അദ്ദേഹത്തിന്റെ ടോൺ എനിക്ക് അസ്വീകാര്യമാണെന്നും" ജയ ബച്ചൻ പറഞ്ഞു. മാത്രമല്ല ജഗദീപ് ധൻകർ മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു.

എന്നാൽ നിസാര കാര്യത്തിന് ജയ ബച്ചൻ ഇങ്ങനെ പെരുമാറേണ്ട കാര്യമില്ലെന്നും സെലിബ്രിറ്റിയാണെങ്കിലും ഔചിത്യ ബോധത്തോടെ പെരുമാറണമെന്നുമാണ് ജഗദീപ് ധൻകർ പ്രതികരിച്ചു. സെലിബ്രിറ്റിയാണെങ്കില്‍പോലും സഭയില്‍ മര്യാദ പാലിക്കണമെന്നും ധന്‍കർ മറുപടി നൽകി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ ബഹളംവെച്ചു.

പ്രതിപക്ഷ അംഗങ്ങളെ സഭാധ്യക്ഷന്‍ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ ജയറാം രമേശ് ആരോപിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ തുടര്‍ച്ചയായി അവസരം നിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പ്രതിപക്ഷ നേതാക്കളും ജയ ബച്ചന് പിന്തുണയുമായി രംഗത്തെത്തി. രാജ്യസഭയില്‍ പ്രതിപക്ഷത്തിനെതിരെ ജെ.പി. നഡ്ഡ പ്രമേയവുമായി രംഗത്തെത്തി. ധന്‍കറിനെതിരെയുള്ള ജയ ബച്ചന്റെ പരാമര്‍ശത്തിനെതിരെയാണ് ബി.ജെ.പി. അധ്യക്ഷന്‍ കൂടിയായ രാജ്യസഭാംഗം പ്രമേയം അവതരിപ്പിച്ചത്. 

Tags:    

Similar News