" ചക്രവർത്തിയുടെ ഉത്തരവുകൾ ഡ്രൈവർമാരെ ഗുരുതരമായി ബാധിക്കും "; ട്രക്ക് ഡ്രൈവർമാരുടെ സമരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി

Update: 2024-01-02 15:34 GMT

വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഹിറ്റ് ആൻഡ് റൺ നിയമത്തിനെതിരെ രാജ്യവ്യാപകമായി ട്രക്ക് ഡ്രൈവർമാർ നടത്തുന്ന സമരത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. നിയമം ബാധിക്കുന്ന വിഭാഗവുമായി ചർച്ച ചെയ്യാതെയും പ്രതിപക്ഷവുമായി സംസാരിക്കാതെയും നിയമങ്ങൾ ഉണ്ടാക്കണമെന്ന പിടിവാശി ജനാധിപത്യത്തിന്റെ ആത്മാവിന് നേരെയുള്ള തുടർച്ചയായ ആക്രമണമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ഡ്രൈവർമാർക്കെതിരെ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാവുന്ന നിയമം പാർലമെന്റിൽ ‘ചക്രവർത്തി’കൊണ്ടുവന്നത് 150-ലധികം പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്‌തശേഷമാണ്.

പരിമിത വരുമാനമുള്ള കഠിനാധ്വാനികളായ വർഗത്തെ കടുത്ത നിയമത്തിന്റെ തീചൂളയിലേക്ക് വലിച്ചെറിയുന്നത് അവരുടെ ജീവിതത്തെ മോശമായി ബാധിക്കും. കൂടാതെ, ഈ നിയമത്തിന്റെ ദുരുപയോഗം സംഘടിത അഴിമതിക്കൊപ്പം പിടിച്ചെടുക്കൽ സംവിധാനങ്ങളിലേക്കും നയിച്ചേക്കാം.ചാട്ടവാറുകൊണ്ട് ജനാധിപത്യം നടത്തുന്ന സർക്കാർ 'ചക്രവർത്തിയുടെ ഉത്തരവുകളും' 'നീതിയും' തമ്മിലുള്ള വ്യത്യാസം മറന്നു’ -രാഹുൽ ഗാന്ധി ‘എക്സി’ൽ കുറിച്ചു.

വാഹനം അപകടത്തിൽപെട്ടാൽ അധികൃതരെ അറിയിക്കാതെ ഓടിരക്ഷപ്പെടുന്ന ഡ്രൈവർമാർക്ക് പത്ത് വർഷം തടവും ഏഴ് ലക്ഷം പിഴയും ചുമത്തു​ന്നതാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിന് പകരം കൊണ്ടുവന്ന ഭാരതീയ ന്യായസംഹിതിയിലുള്ള പുതിയ ഹിറ്റ് ആൻഡ് റൺ നിയമം. ഡ്രൈവർമാരുടെ അശ്രദ്ധകൊണ്ട് മരണം സംഭവിച്ചാൽ അഞ്ചുവർഷം തടവും പിഴയുമാണ് പുതിയ വ്യവസ്ഥ.

നേരത്തെ ഐപിസി 304എ വകുപ്പ് പ്രകാരം വാഹനം ഇടിച്ച ശേഷം നിർത്താതെ പോയാൽ പരമാവധി രണ്ടുവർഷമാണ് ശിക്ഷ. അപകടമുണ്ടായാൽ നാട്ടുകാർ വലിയ വാഹനങ്ങളിലെ ഡ്രൈവർമാരെ മർദിക്കുന്നത് പതിവാണെന്നും അതുകൊണ്ടാണ് ഓടി രക്ഷപ്പെടുന്നതെന്നും ഡ്രൈവർമാരുടെ സംഘടന നേതാക്കൾ വ്യക്തമാക്കുന്നു.

പുതിയ നിയമത്തിനെതിരെ മൂന്ന് ദിവസം നീളുന്ന സമരം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ​ടാങ്കർ ലോറി ഡ്രൈവർമാരും സമരം തുടങ്ങിയിട്ടുണ്ട്. ബിഹാർ, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ സമരം പൂർണമാണ്. ഈ ഭാഗങ്ങളിൽ റോഡ് മാർഗമുള്ള ചരക്ക് നീക്കം ഏറെക്കുറെ നിലച്ചു. ഇന്ധന ടാങ്കർ ലോറികളും സമരത്തിന്റെ ഭാഗമായതോടെ പെട്രോൾ പമ്പുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Tags:    

Similar News