ഇരുമ്പുദണ്ഡില്‍ ചുറ്റിയെറിഞ്ഞ തീപന്തം പുറത്ത് തുളച്ചുകയറി; ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിൽ പിടിയാനയ്ക്ക് ദാരുണാന്ത്യം

Update: 2024-08-19 13:07 GMT

പശ്ചിമ ബം​ഗാളിലെ ജാർഗ്രാമിൽ ആള്‍ക്കൂട്ടാക്രമണത്തില്‍ പൊള്ളലേറ്റ ആന ചരിഞ്ഞു. ജനവാസമേഖലയിലെത്തുന്ന വന്യമൃഗങ്ങളെ തുരത്താനായി രൂപീകരിച്ച ഹല്ലാ പാർട്ടിയിലെ ആളുകളാണ് തീപന്തങ്ങളും കമ്പിവടികളും ഉപയോഗിച്ച് ആനയെ ആക്രമിച്ചത്. ചെണ്ട കൊട്ടിയും ബഹളം വച്ചുമെല്ലാം കാട്ടാനകളെ തിരികെ കാട് കയറ്റുന്നതാണ് സാധാരണ നിലയിൽ ഹല്ല പാർട്ടിയുടെ രീതി. എന്നാൽ ചിലയിടങ്ങളിൽ വന്യമൃഗങ്ങൾക്കെിരെ മൂർച്ചയേറിയ ഇരുമ്പ് ദണ്ഡിൽ തുണി ചുറ്റിയുണ്ടാക്കിയ പന്തമുപയോഗിച്ചുള്ള മാഷൽസ് എന്ന ആക്രമണവും നടത്താറുണ്ട്.

രണ്ട് കുട്ടി ആനകള്‍ ഉള്‍പ്പെടെ ആറ് ആനകളാണ് കഴിഞ്ഞ ദിവസം പ്രദേശത്ത് എത്തിയത്. നാട്ടുകാരിൽ ഒരാൾ കാട്ടാനകളുടെ ആക്രമണത്തിന് ഇരയായി മരിച്ചിരുന്നു. ആനകള്‍ ഗ്രാമത്തില്‍ തമ്പടിച്ചതോടെയാണ് ഇരുമ്പുവടിയും തീപന്തങ്ങളുമായി ആളുകൾ ആനകളെ ആക്രമിച്ചത്. സംഘത്തിന്റെ ആക്രമണത്തിനിരയായ പിടിയാനയുടെ ശരീരത്തില്‍ ഇരുമ്പ് ദണ്ഡ് കുടുങ്ങിയതിനാല്‍ നട്ടെല്ലിന് ക്ഷതമേറ്റതായി മൃഗസംരക്ഷകന്‍ അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂ​ഹ്യ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Tags:    

Similar News