മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇ ഡി നോട്ടിസ്, 18ന് ഹാജരാകാന്‍ നിര്‍ദേശം

Update: 2024-01-13 04:59 GMT

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇ ഡിയുടെ നോട്ടിസ്. ഇതു നാലാമത്തെ നോട്ടിസ് ആണ് അദ്ദേഹത്തിനു ലഭിക്കുന്നത്. ഈ മാസം 18ന് ചോദ്യംചെയ്യലിന് ഹാജരാകാനാണു നിർദേശം. മുൻപ് ലഭിച്ച മൂന്ന് ഇ.ഡി നോട്ടിസുകളിലും കെജ്‍രിവാള്‍ ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല.

മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണം ചൂണ്ടിക്കാട്ടിയാണ് ആദ്യത്തെ നോട്ടിസിൽ ഹാജരാകാതിരുന്നത്. രണ്ടാമത്തെ തവണ ധ്യാനത്തിനു പോകുന്നുവെന്നാണു കാരണമായി പറഞ്ഞത്. മൂന്നാമത്തെ നോട്ടിസ് നിയമപ്രകാരമല്ലെന്നും തനിക്കെതിരെ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നും പറഞ്ഞ് ഹാജരാകാനാകില്ലെന്ന് കെജ്‍രിവാള്‍ വ്യക്തമാക്കി. രാഷ്ട്രീയവേട്ടയാണു നടക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ഇ.ഡി ചോദ്യംചെയ്യാനായി വിളിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തിലാണ് ഇ.ഡി അന്വേഷണം നടക്കുന്നത്. വിവാദമായതോടെ 2023 ജൂലൈയില്‍ സര്‍ക്കാര്‍ മദ്യനയം പിന്‍വലിച്ചിരുന്നു. സി.ബി.ഐ അന്വേഷിക്കുന്ന കേസില്‍ ഏപ്രിലില്‍ കെജ്‌രിവാളിനെ ചോദ്യം ചെയ്തിരുന്നു. മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയും മറ്റൊരു മുന്‍മന്ത്രി സഞ്ജയ് സിങ്ങും കേസില്‍ അറസ്റ്റിലാണ്.

Tags:    

Similar News