പാസ്‌വേഡ് നൽകുന്നില്ല; കേജ്‌രിവാളിന്റെ ഫോൺ പരിശോധിക്കാൻ ഇ.ഡി ആപ്പിൾ കമ്പനിയെ സമീപിച്ചു
മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഫോൺ പരിശോധിക്കാൻ ആപ്പിൾ കമ്പനിയെ സമീപിച്ച് ഇ.ഡി. ഫോണിന്റെ പാസ്‌വേഡ് കേജ്‌രിവാൾ നൽകുന്നില്ലെന്നും അതുകൊണ്ടാണ് കമ്പനിയെ സമീപിച്ചതെന്നും ഇ.ഡി അധികൃതർ പറഞ്ഞു. കേജ്‌രിവാളിനെതിരായി ഇലക്ട്രോണിക് തെളിവുകൾ ഒന്നും കണ്ടെത്താൻ ഇ.ഡിക്ക് സാധിച്ചിട്ടില്ലെന്നാണ് വിവരം. അറസ്റ്റിലായ മുഖ്യമന്ത്രി ഫോൺ സ്വിച്ച് ഓഫ് ചെയ്തെന്നും പാസ്‌വേഡ് കൈമാറിയില്ലെന്നും ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നു.
അതേസമയം, തന്റെ കയ്യിലെ ഫോൺ കഴിഞ്ഞ ഒരു വർഷമായി മാത്രം ഉപയോഗിക്കുന്നതാണെന്നും ഡൽഹി മദ്യനയ അഴിമതി നടന്നുവെന്ന് ആരോപിക്കുന്ന കാലയളവിൽ ഉപയോഗിച്ചിരുന്നത് മറ്റൊരു ഫോൺ ആയിരുന്നുവെന്നും കേജ്‌രിവാൾ ഇ.ഡിയെ അറിയിച്ചിട്ടുണ്ട്.
ഫോൺ പരിശോധിക്കുന്നത് പാർട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്താനാണെന്ന് എഎപി ആരോപിച്ചു. മൊബൈൽ ഫോൺ ഡേറ്റയും ചാറ്റുകളും ആക്‌സസ് ചെയ്യുന്നതിലൂടെ, എഎപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും സഖ്യവും സംബന്ധിച്ച വിശദാംശങ്ങൾ ഇ.ഡിക്ക് ലഭിക്കുമെന്നാണ് പാർട്ടി ആരോപിക്കുന്നത്. ദിവസവും അഞ്ചുമണിക്കൂറോളമാണ് കേജ്‌രിവാളിനെ ചോദ്യം ചെയ്യുന്നത്.